| Sunday, 28th January 2024, 11:51 pm

യു.എന്‍ ഏജന്‍സിക്കുള്ള സംഭാവന നിര്‍ത്തിവെച്ച തീരുമാനത്തില്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ പുനഃപരിശോധന നടത്തണമെന്ന് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഫലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സിയുടെ ധനസഹായത്തിലേക്കുള്ള സംഭാവന നിര്‍ത്തിവെച്ച തീരുമാനത്തില്‍ ബ്രിട്ടനടക്കമുള്ള രാജ്യങ്ങള്‍ പുനഃപരിശോധന നടത്തണമെന്ന ആവശ്യവുമായി തുര്‍ക്കി.

താത്കാലികമായി ഫണ്ടിങ് നിര്‍ത്തിവെച്ച തീരുമാനം ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഗസയിലെ ഫലസ്തീനികളോട് ലോകരാഷ്ട്രങ്ങള്‍ കാണിക്കുന്ന ദ്രോഹമായിരിക്കുമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

വളരെ മോശമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീന്‍ അഭയാര്‍ത്ഥികളുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ യു.എന്‍ ഏജന്‍സി നിറവേറ്റുണ്ടെന്ന് തുര്‍ക്കി വ്യക്തമാക്കി.

ഫലസ്തീന്‍ അഭ്യര്‍ത്ഥികള്‍ക്കായുള്ള ധനസഹായത്തില്‍ ഐക്യരാഷ്ട്രസഭയിലേക്ക് നല്‍കുന്ന സംഭാവനകളില്‍ ലോകരാഷ്ട്രങ്ങള്‍ തടസം സൃഷ്ടിക്കരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ഫലസ്തീനികളാണ് ഏജന്‍സിയായ റിലീഫ് ആന്‍ഡ് വര്‍ക്കിനെ (UNRAW) ആശ്രയിച്ച് നിലവില്‍ കഴിയുന്നതെന്നും അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

നിലവില്‍ ചില രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയിലെ ജീവനക്കാരുമായുള്ള ബന്ധം വിച്ഛേദിച്ചതായും അതില്‍ യു.എന്‍ അന്വേഷണം ആരംഭിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ അന്വേഷണത്തില്‍ ആശങ്കകള്‍ ഉണ്ടെങ്കിലും ഏജന്‍സിയുടെ തുടര്‍ നിലനില്‍പ്പിന് ഒരു ഗ്യാരണ്ടി ആവശ്യമാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് യു.എന്‍.ആര്‍.ഡബ്ല്യുക്കുള്ള പുതിയ ഫണ്ടിങ് താത്ക്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രഈലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ യു.എന്‍ ഏജന്‍സിയുടെ ചില ജീവനക്കാര്‍ പങ്കെടുത്തതായി ഇസ്രഈല്‍ ആരോപിച്ചതിന് പിന്നാലെയാണ് ധനസഹായം നിര്‍ത്താന്‍ യു.കെ തീരുമാനിച്ചത്.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 26,422 ആയി വര്‍ധിച്ചുവെന്നും 65,087 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: Turkey has demanded that countries including Britain re-examine the decision to stop the donation for UN

We use cookies to give you the best possible experience. Learn more