അങ്കാറ: തുര്‍ക്കിയില്‍ നിലവിലെ പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദൊഗാന്റെ ഭരണത്തുടര്‍ച്ചയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി പ്രതിപക്ഷം. ആദ്യഘട്ട വോട്ടെടുപ്പില്‍ എ.കെ.പി സ്ഥാനാര്‍ത്ഥിയായ എര്‍ദൊഗാന്‍ 49.50 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയെങ്കിലും പകുതി വോട്ടുകള്‍ എന്ന മാര്‍ക്ക് മറികടക്കാനായില്ല. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സി.എച്ച്.പി) നേതാവ് കെമാല്‍ കിലിക്ദറോഗ്ലു കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. കിലിക്ദറോഗ്ലു 44.89 ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തി.
ഭരണകക്ഷിയായ ഏ.കെ പാര്‍ട്ടി ഇത്തവണ ദേശീയവാദത്തെ പിന്തുണക്കുന്ന പാര്‍ട്ടിയായ എം.എച്ച്.പിയെ പ്രധാന സഖ്യകക്ഷിയായി കൂടെ കൂട്ടിയിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് കിലിക്ദറോഗ്ലുവും ജയപ്രതീക്ഷ നിലനിര്‍ത്തുന്നതായി പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിയും 50 ശതമാനത്തിലേറെ വോട്ടുകള്‍ നേടാത്ത സാഹചര്യത്തില്‍ ഏറ്റവും മുന്നിലുള്ള രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കിടയില്‍ മെയ് 28ന് വീണ്ടും വോട്ടെടുപ്പ് നടക്കുമെന്ന് തുര്‍ക്കി ഹൈ ഇലക്ഷന്‍ ബോര്‍ഡ് (വൈ.എസ്.കെ) തലവന്‍ അറിയിച്ചു. അതേസമയം, ആദ്യ റൗണ്ടില്‍ നാലു ശതമാനം വോട്ടുകളുടെ ലീഡ് നേടിയ എര്‍ദൊഗാന്‍ രണ്ടാം റൗണ്ടിലും വിജയപ്രതീക്ഷ പങ്കുവെച്ചു.
രണ്ട് ദശാബ്ദക്കാലത്തെ എര്‍ദൊഗാന്റെ തുടര്‍ഭരണത്തിന് പ്രതിപക്ഷം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. സെക്യുലറിസ്റ്റ് പാര്‍ട്ടിയായ സി.എച്ച്.പിയും മറ്റു അഞ്ച് പാര്‍ട്ടികളും ചേര്‍ന്ന് പ്രതിപക്ഷ സഖ്യം രൂപീകരിച്ചതാണ് സര്‍ക്കാരിന് വലിയ വെല്ലുവിളിയായത്.
അറുപത്തിയൊമ്പതുകാരനായ എര്‍ദൊഗാന്‍ ഇരുപത് വര്‍ഷം മുമ്പാണ് തുര്‍ക്കിയില്‍ അധികാരത്തിലെത്തുന്നത്. അതിന് ശേഷം പണപ്പെരുപ്പത്തിന്റെ ദുരിതത്തില്‍ നിന്ന് രാജ്യം കരകയറിയിരുന്നു. അദ്ദേഹത്തിന്റെ ജയത്തോടെ തുര്‍ക്കിയിലെ 85 ദശലക്ഷം ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും വളരെക്കാലത്തിന് ശേഷം സാമ്പത്തികമായ കുതിച്ചുചാട്ടം ഉണ്ടാവുകയും ചെയ്തിരുന്നു.
തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ നേതാവാണ് എര്‍ദൊഗാന്‍. 2016ല്‍ ഉജ്വലമായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടുകയും അട്ടിമറി ശ്രമത്തെ അതിജീവിക്കുകയും ചെയ്തിരുന്നു.
സി.എച്ച്.പി തലവനായ കിലിക്ദറോഗ്ലു ആറ് പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 74 വയസാണ് കിലിക്ദറോഗ്ലുന്റെ പ്രായം. എര്‍ദോഗന്റെ വ്യക്തിപ്രഭാവത്തില്‍ കുടുങ്ങികിടന്ന കിലിക്ദറോഗ്ലു 2010ല്‍ സി.എച്ച്.പിയുടെ നേതാവായ ശേഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.
ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് സ്ഥാപിച്ച സി.എച്ച്.പിയുടെ പ്രതിനിധിയായി 2002ല്‍ കിളിക്ദറോഗ്ലു പാര്‍ലമെന്റില്‍ എത്തിയിരുന്നു.