| Monday, 25th June 2018, 10:00 pm

തുര്‍ക്കിയില്‍ എര്‍ദോഗാന്‍ തോല്‍പ്പിക്കുന്നതാരെ ?

നാസിറുദ്ദീന്‍

എര്‍ദോഗാന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും എ കെ പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നതും എല്ലാവരും ഉറപ്പിച്ചതായിരുന്നതിനാല്‍ തുര്‍ക്കി തിരഞ്ഞെടുപ്പ് ഫലത്തില്‍ ഒരല്‍ഭുതവുമില്ല. ശതമാനക്കണക്കിലെ ഏറ്റക്കുറച്ചിലുകള്‍ അക്കാദമിക് ചര്‍ച്ചകള്‍ക്കപ്പുറമുള്ള പ്രാധാന്യവുമില്ല. പക്ഷേ 15 വര്‍ഷം കൊണ്ട് എകെ പാര്‍ട്ടി എന്ന ഇസ്‌ലാമിസ്റ്റ് സംഘടനയും അതിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായ എര്‍ദോഗാനും ഒരു ജനാധിപത്യ ചട്ടക്കൂടിനകത്ത് നടത്തിയ ഇടപെടലുകള്‍ പരിശോധന അര്‍ഹിക്കുന്നുണ്ട്. അങ്ങനെ പരിശോധിക്കുമ്പോള്‍ ഈ ഇടപെടലുകളുടെ ഏറ്റവും ദുരന്തപൂര്‍ണവും നിര്‍ണായകവുമായ ഒരു ഘട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പെന്ന് കാണാം.

മുസ്തഫാ കമാല്‍ അതാതുര്‍ക്ക് വിഭാവനം ചെയ്ത തുര്‍ക്കിയില്‍ ജനാധിപത്യത്തിനോ മനുഷ്യാവകാശങ്ങള്‍ക്കോ വലിയ സ്ഥാനമില്ലായിരുന്നു. മതേതരത്വമെന്നാല്‍ കറകളഞ്ഞ ഇസ്‌ലാം വിരുദ്ധതയും വിശ്വാസ സ്വാതന്ത്രത്തിന്റെ അടിച്ചമര്‍ത്തലുമാണെന്ന വികല വാദം രാജ്യത്ത് മേല്‍ കൈ നേടി. സൈന്യം തൊട്ട് ജുഡീഷ്യറി വരെയുള്ള സകല സ്ഥാപനങ്ങളും പതിറ്റാണ്ടുകള്‍ കൊണ്ട് ഈ അച്ചില്‍ വാര്‍ത്തെടുത്തു. സ്ത്രീ വാദവും ന്യൂനപക്ഷാവകാശങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ടു.

ലിബറല്‍ ആശയങ്ങളുടെ പേരില്‍ ഭരണത്തിലേറിയ അതാതുര്‍ക്ക് ഭരണത്തിലേറിയ ഉടന്‍ ചെയ്തത് പത്ര സ്വാതന്ത്രത്തിന് തടയിടലായിരുന്നു. തന്റെ ആശീര്‍വാദത്തോടെ സ്ഥാപിതമായ “ഔദ്യേഗിക പത്രം ” ആയ “കം ഹുരിയത്ത്” പോലും ഭീഷണി നേരിട്ടു. സ്ഥാപകരിലൊരാളായ സക്കരിയ സെര്‍റ്റല്‍ അടക്കമുള്ള നിരവധി പേരെ തടവറയിലാക്കുകയോ രാജ്യത്ത് നിന്ന് തന്നെ പുറത്താക്കുകയോ ചെയ്തു. അതാതുര്‍ക്കിന്റെ പിന്തുടര്‍ച്ചക്കാര്‍ ആരും മോശമാക്കിയില്ല.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇസ്മത്ത് ഇനോനുവിന്റെ സര്‍ക്കാര്‍ പത്രങ്ങള്‍ക്കെതിരില്‍ അഴിഞ്ഞാടി. യുദ്ധത്തില്‍ സര്‍ക്കാരെടുത്ത നിലപാടിനെതിരായി വാര്‍ത്ത പ്രസിദ്ധീകരിച്ച കുറ്റത്തിന് ഒരു ഡസനോളം വരുന്ന ഇസ്താംബൂള്‍ പത്രങ്ങളെ 44 തവണ അടച്ചു പൂട്ടി. പിന്നീടുള്ള പതിറ്റാണ്ടുകളില്‍ മാറി മാറി വന്ന ഭരണാധികാരികള്‍ ഈ പാരമ്പര്യം തുടരുകയും ആയിരക്കണക്കിന് പത്രപ്രവര്‍ത്തകരെ തടവറയിലാക്കുകയും ചെയ്തു.

സൈന്യവും രാഷ്ട്രീയ നേതൃത്വവും ചെയ്യുന്ന തേര്‍വാഴ്ചകള്‍ക്ക് പകരം അതിനെ വിമര്‍ശിക്കുന്നവര്‍ വിചാരണ നേരിട്ടു. നജ്ബുദ്ദീന്‍ അര്‍ബക്കാനെ പോലുള്ള ഇസ്‌ലാമിസ്റ്റുകള്‍ പരിമിതമായ ജനാധിപത്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ഇതിനെ ചോദ്യം ചെയ്യാന്‍ ശ്രമിച്ചെങ്കിലും അടിച്ചമര്‍ത്തപ്പെട്ടു. ഹിംസാത്മകമായ തുര്‍ക്കി ദേശീയതയും ന്യൂനപക്ഷ വിരോധവും ചോദ്യം ചെയ്യപ്പെടാത്ത ആശയമായി സ്വീകാര്യത നേടി. മേമ്പൊടിക്ക് ഇടതുപക്ഷ വിരുദ്ധതയും നാറ്റോ ബന്ധവും കൂടിയായപ്പോള്‍ അന്താരാഷ്ട്ര തലത്തിലെ എതിര്‍പ്പുകളും ദുര്‍ബലമായി.

കുര്‍ദുകളും ഇസ്‌ലാമിസ്റ്റുകളും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരുമെല്ലാം ഒരേ പോലെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയായി. തുര്‍ക്കി സൈന്യം രാജ്യത്തിനകത്തും പുറത്തും നടത്തുന്ന യുദ്ധങ്ങളേയും കൊടിയ അക്രമങ്ങളേയും ഏതെങ്കിലും രീതിയില്‍ ചോദ്യം ചെയ്യുന്നവരെയെല്ലാം ഹിംസാത്മകമായി നേരിട്ടു. ഇതിന് സമാന്തരമായി ന്യൂനപക്ഷ വിഭാഗമായ കുര്‍ദുകളേയും രാഷ്ട്രീയ എതിരാളികളായ ഇസ്‌ലാമിസ്റ്റുകളേയും അടിച്ചമര്‍ത്തി. കുര്‍ദുകളുടെ ഭാഷയും സംസ്‌കാരവും ജീവനും ഇല്ലാതാക്കാനുള്ള വ്യവസ്ഥാപിത നീക്കങ്ങളാണ് നടന്നത്.

വിമത പ്രവര്‍ത്തനങ്ങള്‍ നേരിടാനെന്ന പേരില്‍ പതിനായിരങ്ങളെ തടവിലാക്കി, ആയിരങ്ങളെ കൊന്നൊടുക്കി. കുര്‍ദ് എന്ന സ്വത്വം പോലും അംഗീകരിക്കാനുള്ള മറുപടി കാരണം “തുര്‍ക്കി മല നിരകള്‍” എന്ന വാക്കിലൂടെയായിരുന്നു ഔദ്യോഗിക വ്യവഹാരങ്ങളില്‍ അടയാളപ്പെടുത്തിയിരുന്നത്. “കുര്‍ദ്”, “കുര്‍ദിസ്ഥാന്‍” “കുര്‍ദിഷ്” തുടങ്ങിയ പദ പ്രയോഗങ്ങള്‍ വരെ കര്‍ശനമായി നിരോധിക്കപ്പെട്ടു. പൊതു, സ്വകാര്യ വ്യവഹാരങ്ങളില്‍ കുര്‍ദിഷ് ഭാഷക്കുള്ള നിരോധനം 1991 വരെ നില നിന്നിരുന്നു എന്ന് പറഞ്ഞാല്‍ വരും തലമുറക്കെങ്കിലും അവിശ്വസനീയമായി തോന്നും ! കുര്‍ദുകള്‍ രാഷ്ട്രീയമായി സംഘടിക്കുന്നത് തടയാനായി ഭീകരമായ മാര്‍ഗങ്ങളാണ് സൈന്യവും രാഷ്ട്രീയ നേതൃത്വങ്ങളും കാലാ കാലങ്ങളായി ചെയ്തത്.

വിശ്വാസികളായ മുസ്‌ലിങ്ങളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടു. വസ്ത്ര സ്വാതന്ത്രത്തിന് പോലും സ്വാതന്ത്രത്തിന്റെ പേരില്‍ വിലക്ക് നേരിട്ട വിരോധാഭാസത്തിനും തുര്‍ക്കി സാക്ഷിയായി. ഇസ്‌ലാമിസ്റ്റുകള്‍ നിരന്തരമായി വേട്ടയാടപ്പെട്ടു. നജ്മദീന്‍ അര്‍ബക്കാനെ പോലുള്ളവരുടെ സമാധാനപരമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ കടുത്ത വെല്ലുവിളി നേരിട്ടു. 80-90 കളില്‍ ഇസ്‌ലാമിസ്റ്റ് വേരുകള്‍ കാരണം വെല്‍ഫെയര്‍, വെര്‍ച്യു പാര്‍ട്ടികളെല്ലാം നിരോധിക്കപ്പെട്ടു. ഇലക്ഷനിലെ വിജയം പോലും നിരോധനങ്ങള്‍ക്ക് തടസ്സമായില്ല.

അടിച്ചമര്‍ത്തപ്പെട്ട ഈ ഇസ്‌ലാമിസ്റ്റ് പരീക്ഷണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് എര്‍ദോഗാനും അദ്ദേഹത്തിന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് അഥവാ എ കെ പാര്‍ട്ടിയും കടന്നു വരുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു എര്‍ദോഗാന്റെ പല നടപടികളും. വ്യക്തിസ്വാതന്ത്രത്തെയും മനുഷ്യാവകാശങ്ങളേയും പറ്റി വാചാലനായി, കുര്‍ദ് വിഷയത്തില്‍ തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച് ഭേദപ്പെട്ട നിലപാടെടുത്തു, അത് വരെ അവഗണിക്കപ്പെട്ടവരെ കൂടി പരിഗണിക്കുന്ന ഭരണം കാഴ്ച വെച്ചു.

എല്ലാറ്റിലുമുപരിയായ ഭരണവും അത് വഴി ശക്തിയാര്‍ജിക്കുകയായിരുന്ന ജനാധിപത്യവും അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സൈന്യവും ജുഡീഷ്യറിയും ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റിനെ പക്വമായ സമീപനത്തിലൂടെ നേരിട്ടു. കാലഹരണപ്പെട്ട ആശയങ്ങളുടെയും ചേതനയറ്റ മുദ്രാവാക്യങ്ങളുടേയും തടവറയില്‍ കിടന്ന് ചക്രശ്വാസം വലിക്കുന്ന ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തിന് പുതു ജീവന്‍ നല്‍കാന്‍ എര്‍ദോഗാന് സാധിച്ചേക്കുമെന്ന് പലരും നിരീക്ഷിച്ചു. ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയത്തോട് വിമുഖത കാണിച്ചവര്‍ പോലും ഭരണത്തോട് മതിപ്പ് കാണിച്ചു. 2002 ല്‍ 35 ശതമാനം വോട്ട് കിട്ടിയിരുന്ന പാര്‍ട്ടിക്ക് 2007 ല്‍ 47 ശതമാനവും 2011 ല്‍ 50 ശതമാനവും വോട്ട് കിട്ടി.

തുടര്‍ച്ചയായ ഭരണം അധികാരം അരക്കിട്ടുറപ്പിക്കാന്‍ എര്‍ദോഗനെ സഹായിച്ചു എതിര്‍പ്പുകള്‍ പതുക്കെ ” നിയന്ത്രണ വിധേയമായി”. സമസ്ത മേഖലകളിലും സ്വന്തക്കാരെ തിരുകിക്കയറ്റി. സമരങ്ങളേയും വിമര്‍ശനങ്ങളേയും ധാര്‍ഷ്ട്യത്തോടെ പുച്ചിച്ചു തള്ളി. പത്ര സ്വാതന്ത്രത്തിന് കൂച്ചു വിലങ്ങിടാന്‍ തുടങ്ങി, നിയോ ലിബറല്‍ നയങ്ങള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങാന്‍ മല്‍സരിച്ചു. പരിസ്ഥിതിയെ തകര്‍ത്തുള്ള “മാള്‍ വികസനം” ഹിംസാത്മകമായി അടിച്ചേല്‍പിച്ചു ജനങ്ങളെ ഒന്നടങ്കം ശത്രുപക്ഷത്ത് നിര്‍ത്തിയുള്ള ഈ വികസനത്തിനെതിരായ ജന രോഷം അണ പൊട്ടി ഒഴുകി.

ഗെസി പാര്‍ക്ക് പ്രതിഷേധം സര്‍ക്കാരിനെയും എര്‍ദോഗനെയും ഞെട്ടിച്ചെങ്കിലും നയപരമായ പൊളിച്ചെഴുത്തിന് ധാര്‍ഷ്ട്യം അനുവദിച്ചില്ല. 2015 ലെ തിരഞ്ഞെടുപ്പില്‍ വെറും 40 ശതമാനം വോട്ട് മാത്രം കിട്ടി ഭരണം നില നിര്‍ത്തി. അപകടം മണത്തറിഞ്ഞ എര്‍ദോഗാന്‍ സ്വയം തിരുത്തുന്നതിന് പകരം തന്ത്രപരമായ നീക്കങ്ങളിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് നോക്കിയത്.

അര്‍ദ്ധ ഫാഷിസ്റ്റ്, തീവ്ര ദേശീയ കക്ഷിയായ ലിസ്റ്റ് പാര്‍ട്ടി(MHP) യെ കൂട്ടു പിടിച്ച് തീവ്ര തുര്‍ക്കി ദേശീയ കാര്‍ഡ് കളത്തിലിറക്കി. കുര്‍ദുകള്‍ക്കെതിരായ സൈനിക, രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കി, പത്ര മാധ്യമങ്ങളെ വരിഞ്ഞു കെട്ടി. നൂറു കണക്കിന് മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കി, ഡസന്‍ കണക്കിന് മാധ്യമങ്ങള്‍ക്ക് പൂട്ടിട്ടു, സോഷ്യല്‍ മീഡിയയെയും ഇന്റര്‍നെറ്റിനെയും കര്‍ശനമായി നേരിട്ടു, രാഷ്ട്രീയ എതിരാളികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ക്രൂരമായി അടിച്ചമര്‍ത്തി, 2016 ലെ സൈനിക അട്ടിമറി പിടിവള്ളിയാക്കി സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ വരുതിയിലാക്കി, ആയിരക്കണക്കിനാളുകളെ പിരിച്ചു വിടുകയോ തടവിലാക്കുകയോ ചെയ്തു.

ഇന്ന് പത്ര സ്വാതന്ത്രത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മോശം ഏകാധിപത്യ നാടുകളുടെ കൂട്ടത്തിലാണ് എര്‍ദോഗാന്റെ തുര്‍ക്കി. Reporters without borders ന്റെ കണക്ക് പ്രകാരം 180 രാജ്യങ്ങളില്‍ 149 ആണ് തുര്‍ക്കിയുടെ സ്ഥാനം. ലോകത്താകമാനം തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരില്‍ മൂന്നിലൊന്നും തുര്‍ക്കിയിലാണ്.

2011 ലെ അറബ് വസന്തത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. സിറിയയില്‍ അസദിനെതിരെ പോരാടാന്‍ റെബലുകള്‍ക്ക് ആളും അര്‍ത്ഥവും നല്‍കി തുര്‍ക്കി സഹായിച്ചു. പക്ഷേ സിറിയയിലെ കുര്‍ദുകള്‍ ശക്തിപ്പെടുന്നതിലും അസദ് തുടരുന്നതാണ് തങ്ങളുടെ തീവ്ര ദേശീയ-വംശീയ താല്‍പര്യങ്ങള്‍ക്ക് മെച്ചമെന്ന് കണ്ട് നിര്‍ണായക ഘട്ടത്തില്‍ പാലം വലിച്ചു.

അസദിന് വേണ്ടി ശക്തമായി നിന്നിരുന്ന ഇറാനും റഷ്യയുമായി ബന്ധം നന്നാക്കുകയും ചെയ്തു. എങ്ങനെയും കുര്‍ദുകളുടെ കണ്ണീര് കാണുക എന്നതായിരുന്നു ഈ സഖ്യങ്ങളുടെയെല്ലാം ലക്ഷ്യം. സ്വാഭാവികമായും MHP യുടെ നിര്‍ലോഭ പിന്തുണയും ഈ നീക്കങ്ങള്‍ക്കുണ്ടായിരുന്നു. സൈനികമായി കുര്‍ദുകളെ കൊന്നൊടുക്കുന്നതിന് അനുസൃതമായി കുര്‍ദ് രാഷ്ട്രീയ നേതൃത്വത്തെ ഇല്ലാതാക്കാനും നീക്കങ്ങള്‍ തുടങ്ങി.

കുര്‍ദ് , ന്യൂനപക്ഷ, സ്ത്രീ പക്ഷ രാഷ്ട്രീയം ശക്തമായുന്നയിക്കുന്ന പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (HDP) പ്രധാന ഉന്നം. ചെയര്‍മാന്‍ സെലാഹുദീന്‍ ദെമിര്‍താസും ചെയര്‍വുമണ്‍ സെര്‍പില്‍ കമാല്‍ബയും അടക്കം നിരവധി നേതാക്കള്‍ ഇന്ന് “ഭീകരത” ആരോപിക്കപ്പെട്ട് ജയിലിലാണ് (HDP ഭരണ ഘടന പ്രകാരം തുല്യ അധികാരമുള്ള ഒരു ചെയര്‍മാനും ചെയര്‍ വുമണും ചേര്‍ന്നാണ് പാര്‍ട്ടിയെ നയിക്കുക). നൂറു കണക്കിന് പ്രവര്‍ത്തകര്‍ വേറെയും. കുര്‍ദ് ബന്ധമുള്ള നിരവധി മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു.

അതീവ ദുര്‍ബലരും അഴകൊഴമ്പന്‍ നിലപാടുകാരുമായ കമാലിസ്റ്റ് റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി (CHP) യാണ് പ്രഖ്യാപിത “പ്രതിപക്ഷം ” എങ്കിലും എര്‍ദോഗാന്‍ ഭയക്കുന്നത് കൃത്യമായ ബദല്‍ രാഷ്ട്രീയം പറയുന്ന HDP യെ ആണ്. വോട്ടിംഗ് ശതമാനത്തിന് ആനുപാതികമായി പാര്‍ലിമെന്റില്‍ സീറ്റ് അനുവദിക്കുന്ന തുര്‍ക്കി രീതിയില്‍ 10 % വോട്ട് കിട്ടിയാല്‍ മാത്രമേ സീറ്റനുവദിക്കൂ. HDPക്ക് ഈ 10 ശതമാനം കിട്ടാതിരിക്കാനായി എര്‍ദോഗന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും പരാജയപ്പെട്ടു.

11 ശതമാനത്തിലധികം വോട്ട് കിട്ടിയ HDP ക്ക് 600 അംഗ പാര്‍ലിമെന്റില്‍ 66 സീറ്റ് കിട്ടുമെന്നാണ് കണക്ക്. എ കെ പാര്‍ട്ടിയുടെ 293 സീറ്റിന് മുന്നില്‍ ഒന്നുമല്ലെങ്കിലും എര്‍ദോഗാന്റെ സ്വേച്ചാധിപത്യ നയങ്ങളെ പാര്‍ലിമെന്റില്‍ ചോദ്യം ചെയ്യാന്‍ HDP ക്കാവും, അഥവാ HDP ക്ക് മാത്രമേ സാധിക്കൂ. മറ്റ് രണ്ട് പ്രധാന പ്രതിപക്ഷ കക്ഷികളും എര്‍ദോഗാന്റെ ഏകാധിപത്യ, നിയോ ലിബറല്‍ നയങ്ങളോട് വലിയ വിയോജിപ്പുള്ളവരല്ല.

പ്രധാന പ്രതിപക്ഷം മുസ്തഫാ കമാല്‍ അതാ തുര്‍ക്ക് സ്ഥാപിച്ച റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി (CHP) ആണ്. കമാലിസ്റ്റ് രാഷ്ട്രീയത്തിന്റെ എല്ലാ ജീര്‍ണതകളും പേറുന്ന CHP എര്‍ദോഗാന് ഒരു ഭീഷണിയേ അല്ല. സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളുടെ കാറ്റഴിച്ചു വിടുക എന്നതാണ് CHIP വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ടാമത്തെ കക്ഷിയായ MHP. തീവ്ര ദേശീയതയും ന്യൂനപക്ഷ വിരുദ്ധതയും മുഖമുദ്രയാക്കിയ അര്‍ദ്ധ ഫാഷിസ്റ്റ് സംഘടനയായ MHP പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എര്‍ദോഗാനെ പിന്തുണക്കുകയും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ AKP യോട് സഖ്യമായി മല്‍സരിക്കുകയുമായിരുന്നു.

Grey wolves എന്ന പേരില്‍ അറിയപ്പെടുന്ന കടുത്ത വംശീയ സംഘടനയുമായി MHP ക്കുള്ള പൊക്കിള്‍ കൊടി ബന്ധം ഇവിടെയുള്ള RSS-BJP ബന്ധത്തിന് സമാനമാണ്. തീവ്ര തുര്‍ക്കി ദേശീയതയിലധിഷ്ഠിതമായ വംശീയ രാഷ്ട്രീയം Grey Wolves നടപ്പിലാക്കിയപ്പോള്‍ നൂറ് കണക്കിന് നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതാണ് തുര്‍ക്കി ചരിത്രം. അത്യന്തം അപകടകാരികളായ ഈ വംശീയ രാഷ്ട്രീയത്തിന്റെ വക്താക്കളുമായി പരസ്യ സഖ്യത്തിലേര്‍പ്പെട്ട എര്‍ദോഗാനും AKP യും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്താണെന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.

അങ്ങനെ ഒരു കാലത്ത് ഇസ്‌ലാമിസ്റ്റുകള്‍ നേരിടേണ്ടി വന്ന അടിച്ചമര്‍ത്തലുകളും വംശീയ രാഷ്ട്രീയവും ഇന്ന് ഇസ്‌ലാമിസ്റ്റുകളുടെ നേതൃത്വത്തില്‍ തന്നെയാണ് അരങ്ങേറുന്നത്. 15 വര്‍ഷം കൊണ്ട് എര്‍ദോഗാനിലൂടെ AKP അടുത്തത് അവരെ വേട്ടയാടിയിരുന്നവരുടെ രാഷ്ട്രീയത്തോടാണ്. അതിലെ തടസ്സങ്ങള്‍ ഒന്നൊന്നായി തട്ടി നീക്കിയാണ് മുന്നേറുന്നത്. പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെല്ലാം വെട്ടി നിരത്തി.

പഴയ പ്രസിഡന്റ് അബ്ദുല്ലാ ഗുല്‍, വിദേശകാര്യ മന്ത്രിയും പ്രധാന മന്ത്രിയുമായിരുന്ന അഹ്മദ് ദാവുദോഗ്ലു തുടങ്ങിയവരൊക്കെ ഒന്നുമല്ലാതായി. സൈന്യത്തിലും പോലീസിലും നിരന്തരമായി അഴിച്ചു പണി നടത്തി. 2016 നവംബറില്‍ ഒറ്റ ആഴ്ച കൊണ്ട് 81 പ്രവിശ്യാ പോലീസ് മേധാവികളില്‍ 51 പേരെയായിരുന്നു മാറ്റിയത്. ജഡ്ജിമാരെ നിയമിക്കുന്നതിലും പ്രസിഡന്റിന് നിര്‍ണായക അധികാരമാണുള്ളത്. ഭീകരമായ അധികാരത്തോട് കൂടിയുള്ള പ്രസിഡന്റ് പദവിക്കായി ഭരണഘടന ഭേദഗതി ചെയ്ത് കൊണ്ട് ഫലത്തില്‍ ഏകാധിപത്യം നിയമ വിധേയമാക്കി.

ടുണീഷ്യയിലെ അന്നഹ്ദയും തുര്‍ക്കിയിലെ AKP യുമായിരിക്കും ഇന്നേറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഇസ്‌ലാമിസ്റ്റ് സംഘടനകള്‍. റഷീദ് ഗനൂശിയെന്ന ജനാധിപത്യ വാദിയും അധികാര മോഹം തൊട്ടു തീണ്ടാത്ത ബുദ്ധി ജീവിയാണ് അന്നഹ്ദയെ നയിക്കുന്നത്. കാലികമായി പ്രമാണങ്ങളെ വായിച്ചും ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ സങ്കല്‍പങ്ങളെ പുനര്‍ വ്യാഖ്യാനിച്ചും ഗനൂശി അന്നഹ്ദയെ കൂടുതല്‍ പ്രസക്തമാക്കി.

കലുഷിതമായ ടുണീഷ്യന്‍ രാഷ്ട്രീയത്തില്‍ സഹിഷ്ണുതയുടേയും സമത്വത്തിന്റെയും രാഷ്ട്രീയം മുന്നോട്ട് വെക്കാന്‍ പരിമിതികള്‍ക്കുള്ളിലും അന്നഹ്ദക്ക് സാധിക്കുന്നു. അധികാരം പിടിച്ചടക്കുന്നതിനേക്കാള്‍ വിട്ടു നല്‍കാനായിരുന്നു ഗനൂശിയുടെ നഹ്ദ താല്‍പര്യം കാണിച്ചത്. ജനാധിപത്യത്തെ ഇല്ലാതാക്കാനല്ല, പാര്‍ട്ടിക്കകത്തും പുറത്തും ജനാധിപത്യം ശക്തിപ്പെടുത്താനാണ് നഹ്ദയുടെ ശ്രമം. കുടുസ്സായ കേഡര്‍ ഘടനയോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പരിമിതികളെ വലിയൊരളവു വരെ അതിജീവിക്കാന്‍ അവര്‍ക്കായി.

ആ ശ്രമത്തില്‍ അവര്‍ ആത്യന്തികമായി വിജയിച്ചില്ലെങ്കില്‍ പോലും ടുണീഷ്യന്‍ ജനാധിപത്യത്തില്‍ അതിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ഇതിന് കടക വിരുദ്ധമാണ് എര്‍ദോഗാന്റെ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയം. അത് അധികാരം വെട്ടിപ്പിടിക്കുന്നതാണ്, എതിരാളികളെ വെട്ടിനിരത്തുന്നതാണ്. ഇതിലേത് മാതൃകയാക്കുന്നു എന്നതിനനുസരിച്ചിരിക്കും മറ്റുള്ള ഇസ്‌ലാമിസ്റ്റുകളുടെ ഭാവി. ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയമെന്നത് കറുപ്പും വെളുപ്പുമല്ലെന്നര്‍ത്ഥം. അത് തീര്‍ത്തും വ്യത്യസ്ത സ്വഭാവങ്ങളും സാധ്യതകളും നല്‍കുന്നുണ്ട്.

നാസിറുദ്ദീന്‍

We use cookies to give you the best possible experience. Learn more