| Wednesday, 29th June 2022, 10:09 am

'ഇടഞ്ഞുനിന്ന എര്‍ദോഗന്‍ തണുത്തു'; ഫിന്‍ലാന്‍ഡിന്റെയും സ്വീഡന്റെയും നാറ്റോ പ്രവേശനത്തിന് വഴി തുറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: നാറ്റോയില്‍ ഫിന്‍ലാന്‍ഡും സ്വീഡനും അംഗത്വമെടുക്കുന്നതിന് സമ്മതം മൂളി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. ഇവരുടെ നാറ്റോ പ്രവേശനത്തിനെതിരായ വീറ്റോ നാറ്റോ അംഗരാജ്യം കൂടിയായ തുര്‍ക്കി പിന്‍വലിച്ചു.

സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് ‘ഇടഞ്ഞുനിന്നിരുന്ന’ എര്‍ദോഗന്‍ ‘തണുത്തത്’. ഇതോടെ സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റേയും നാറ്റോ പ്രവേശനത്തിന് വഴിയൊരുങ്ങും.

നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ്, എര്‍ദോഗന്‍, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണ്‍, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗലി നിനിസ്റ്റോ എന്നിവര്‍ തമ്മിലാണ് യോഗം ചേര്‍ന്നത്. ഇതിന് പിന്നാലെ തുര്‍ക്കിയും സ്വീഡനും ഫിന്‍ലാന്‍ഡും ട്രൈലാറ്ററല്‍ മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ചു.

ചില നിബന്ധനകളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.

നാറ്റോ പ്രവേശനത്തിന് അപേക്ഷ നല്‍കിയതുമായി ബന്ധപ്പെട്ട നടപടികളുമായി ഇരു രാജ്യങ്ങളും മുന്നോട്ട് പോകും. ഇതുവരെ ന്യൂട്രല്‍ പൊസിഷന്‍ സ്വീകരിച്ചിരുന്ന ഈ നോര്‍ഡിക് രാജ്യങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാകുന്നതോടെ യൂറോപ്യന്‍ സെക്യൂരിറ്റിയില്‍ തന്നെ വലിയൊരു ഷിഫ്റ്റായിരിക്കും സംഭവിക്കുക.

പ്രവേശനത്തിന് തുര്‍ക്കി സമ്മതിച്ചതുമായി ബന്ധപ്പെട്ട പ്രസ്താവന എര്‍ദോഗനും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗും പുറത്തുവിട്ടിട്ടുണ്ട്. നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന ഫിന്‍ലാന്‍ഡിന്റെ പ്രഖ്യാപനത്തെ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് നേരത്തെ തന്നെ സ്വാഗതം ചെയ്തിരുന്നു.

പരസ്പരം സുരക്ഷ സംരക്ഷിക്കുമെന്നും തുര്‍ക്കിയും സ്വീഡനും ഫിന്‍ലാന്‍ഡും ഉറപ്പുനല്‍കി. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെ ഒരുമിച്ച് നില്‍ക്കുക, എന്ന ഉദ്ദേശത്തോടെയാണ് നീക്കം.

ജൂണ്‍ 29, 30 തീയതികളിലാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്. അവിടെ വെച്ച് നാറ്റോ അംഗത്വത്തിന് അപേക്ഷിക്കാന്‍ സ്വീഡന്‍ പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ട്.

നാറ്റോ അംഗത്വത്തിന് അപേക്ഷിക്കുമെന്ന് ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിനും പ്രസിഡന്റ് സൗലി നിനിസ്റ്റോയും വ്യക്തമാക്കിയിരുന്നു.

നേരത്തെ, നാറ്റോയില്‍ അംഗത്വമെടുക്കുന്നതിനുള്ള സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും ശ്രമങ്ങളെ പിന്തുണക്കില്ലെന്നായിരുന്നു തുര്‍ക്കി പ്രസിഡന്റിന്റെ നിലപാട്.

പി.കെ.കെ (കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി) അടക്കമുള്ള തീവ്രവാദ സംഘങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഫിന്‍ലാന്‍ഡിനും സ്വീഡനും ഉള്ളതെന്നും, ഈ രാജ്യങ്ങള്‍ നാറ്റോയില്‍ ചേരുന്നത് സംബന്ധിച്ച് പോസിറ്റീവായ അഭിപ്രായമല്ല തുര്‍ക്കിക്കുള്ളതെന്നുമായിരുന്നു നേരത്തെ എര്‍ദോഗന്‍ പറഞ്ഞത്.

തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ മാറിയിട്ടുണ്ടെന്നും ചില തീവ്രവാദികള്‍ സ്വീഡനിലെയും നെതര്‍ലാന്‍ഡ്സിലേയും പാര്‍ലമെന്റുകളില്‍ വരെ പങ്കെടുക്കുന്നുണ്ടെന്നും എര്‍ദോഗന്‍ ആരോപിച്ചിരുന്നു.

ഗ്രീസ് തങ്ങളുടെ നാറ്റോ അംഗത്വം തുര്‍ക്കിക്കെതിരെയാണ് പ്രയോഗിക്കുന്നതെന്നും 1980ല്‍ ഗ്രീസിന്റെ നാറ്റോ അംഗത്വത്തിന് അനുകൂലമായി വോട്ട് ചെയ്തത് തുര്‍ക്കിക്ക് പറ്റിയ അബദ്ധമാണെന്നും ആ അബദ്ധം ആവര്‍ത്തിക്കില്ലെന്നും എര്‍ദോഗന്‍ പറഞ്ഞിരുന്നു.

നാറ്റോയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയാണ് തുര്‍ക്കി.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തോടെയാണ് നാറ്റോയില്‍ ചേരുന്നതിനുള്ള നടപടികളിലേക്ക് സ്വീഡനും ഫിന്‍ലാന്‍ഡുമടക്കമുള്ള രാജ്യങ്ങള്‍ കടന്നത്. നാറ്റോയില്‍ ചേരുന്നതിന് പിന്തുണ ആവശ്യപ്പെട്ട് ഫിന്‍ലാന്‍ഡ് നേതാക്കളും രംഗത്തെത്തിയിരുന്നു.

അതേസമയം നാറ്റോയില്‍ ചേരാനാണ് ഫിന്‍ലാന്‍ഡും സ്വീഡനും ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചടിക്കുമെന്നും, റഷ്യയുടെ ദേശീയ സുരക്ഷക്ക് ഭീഷണിയായ നീക്കത്തിനെതിരെ സൈനികപരമായ നടപടികള്‍ സ്വീകരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Content Highlight: Turkey drops VETO, clears the path for Finland and Sweden to join NATO, after talks just before the NATO summit 

We use cookies to give you the best possible experience. Learn more