| Tuesday, 5th March 2024, 8:34 pm

ഇസ്രഈലിന് വിവരങ്ങള്‍ ചോര്‍ത്തി; ചാരന്മാരാണെന്ന് സംശയിക്കുന്ന ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഇസ്രഈലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് തുര്‍ക്കി. രാജ്യത്തെ പ്രമുഖ നേതാക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ശേഖരിച്ച് പ്രതികളെന്ന് കരുതപ്പെടുന്നവര്‍ ഇസ്രഈലിന്റെ രഹസ്യാന്വേഷണ സംഘടനയായ മൊസാദിന് വിറ്റതായി പൊലീസ് സംശയിക്കുന്നതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്. പ്രതികള്‍ക്കെതിരെ എന്തൊക്കെ വകുപ്പുകള്‍ ചുമത്തും എന്നതില്‍ വ്യക്തതയില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച ഇസ്താംബൂളില്‍ നടത്തിയ റെയ്ഡിനിടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ എക്സില്‍ കുറിച്ചു. തുര്‍ക്കി നാഷണല്‍ ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനുമായി (എം.ഐ.ടി) നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.

മൊസാദില്‍ നിന്ന് പരിശീലനം നേടിയതായി ആരോപിക്കപ്പെടുന്നതും ഡിറ്റക്ടീവായി ജോലി ചെയ്യുന്നതുമായ മുന്‍ സിവില്‍ സര്‍വീസുകാരനും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

‘രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ഒരിക്കലും ഞങ്ങള്‍ അനുവദിക്കില്ല. ചാരന്മാരെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരും,’ എന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇസ്താംബൂളിലെ വീടുകളില്‍ റെയ്ഡ് നടത്തിയതില്‍ നിന്ന് പ്രതികള്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും ലഹരി വസ്തുക്കളും തോക്കുകളും കണ്ടെടുത്തതായി തുര്‍ക്കി പൊലീസ് അറിയിച്ചു.

അതേസമയം ഫെബ്രുവരിയില്‍ ഇസ്രഈലിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന 34 പേരെ തുര്‍ക്കി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ പ്രതികള്‍ തുര്‍ക്കിയില്‍ താമസിക്കുന്ന വിദേശ പൗരന്മാരെ പിന്തുടര്‍ന്ന് ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlight: Turkey detains seven people suspected of spying for Israel

We use cookies to give you the best possible experience. Learn more