ഇസ്താംബൂള്‍: ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിനു അധികാരമുണ്ടെന്നു യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍ വിധിയ്ക്കതിരെ തുര്‍ക്കി. തീരുമാനം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
‘ലോകമെങ്ങും ഇസ്‌ലാമോഫോബിയ വളര്‍ന്നുവരുന്നുവെന്നതിന്റെ തെളിവാണിത്. യൂറോപ്പില്‍ തങ്ങളുടെ മതസ്വാതന്ത്ര്യത്തിനായി മുസ്‌ലിം വനിതകള്‍ അനുഭവിക്കുന്ന ദുരിതത്തെ നിസ്സാരവത്കരിക്കുന്ന രീതിയാണ് ഈ വിധിയിലൂടെ മനസ്സിലാകുന്നത്,’ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തൊഴിലിടങ്ങളില്‍ ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിനു അധികാരമുണ്ടെന്നു യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണല്‍ അറിയിച്ചത്. എന്നാല്‍, വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ജര്‍മനിയിലെ രണ്ടു മുസ്ലീം സ്ത്രീകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. തങ്ങളുടെ തൊഴില്‍സ്ഥാപനത്തില്‍ ഇവര്‍ ശിരോവസ്ത്രം ധരിച്ചെത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.
ജര്‍മന്‍ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് ഇ.യു. ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു.
വിധിന്യായത്തില്‍, ചില നിബന്ധനകള്‍ക്ക് വിധേയമായി കമ്പനികള്‍ക്ക് ഇസ്ലാമിക ശിരോവസ്ത്രങ്ങളും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കാമെന്ന് ലക്സംബര്‍ഗിലെ യൂറോപ്യന്‍ യൂണിയന്‍ കോടതി പറഞ്ഞിരുന്നു.