World News
ഡെൻമാർക്കിൽ ഖുർആനും തുർക്കി പതാകയും കത്തിച്ച സംഭവത്തെ അപലപിച്ച് ​ഗൾഫ് രാജ്യങ്ങൾ; യൂറോപ്പിലെ ഇസ്‌ലാമോഫോബിയയുടെ തീവ്രത വ്യക്തമായെന്ന് തുർക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 27, 10:30 am
Monday, 27th March 2023, 4:00 pm

ഡെന്‍മാര്‍ക്ക്: ഡെന്‍മാര്‍ക്കില്‍ തുര്‍ക്കി പതാകയും ഖുര്‍ആനും കത്തിച്ച സംഭവത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയും. ഈ വര്‍ഷം രണ്ടാം തവണയാണ് സമാന രീതിയില്‍ ഖുര്‍ആന്‍ കത്തിക്കുന്നത്.

ഇസ്‌ലാമിക വിശ്വാസപ്രകാരം പുണ്യദിനമായ വെള്ളിയാഴ്ച തന്നെ ഖുര്‍ആന്‍ കത്തിച്ച നടപടി അപലപനീയമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ അനുവദിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാനാകില്ലെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി ഡെയ്‌ലി സബാഹ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘പുണ്യമാസമായ റമദാനിലെ വെള്ളിയാഴ്ച ദിവസം തന്നെ ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നത് അപലപനീയമാണ്. ഇതോടെ യൂറോപ്പില്‍ ഇസ്‌ലാമോഫോബിയയും, വിവേചനവും, അന്യമതവിദ്വേഷവും തുടങ്ങിയവ പാരമ്യത്തിലെത്തിയെന്ന് വ്യക്തമായി. ഭൂതകാലത്തില്‍ നിന്ന് രാജ്യം യാതൊന്നും പഠിച്ചിട്ടില്ല,’ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ ‘പാട്രിയോട്ടേണ്‍ ഗാര്‍ ലൈവ്’ എന്ന തീവ്രവാദി സംഘടനയാണ് ഖുര്‍ആന്‍ കത്തിച്ചത്. തുര്‍ക്കി പതാകയും ഇവര്‍ കത്തിച്ചു. ഇവരുടെ ഫേസ്ബുക്ക് പേജിലൂടെ സംഭവത്തിന്റെ ലൈവ് ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആക്രമണത്തിനിടെ തീവ്രവാദികള്‍ ഇസ്ലാം വിരുദ്ധ ബാനറുകള്‍ ഉയര്‍ത്തിയതായും മതത്തെ അവഹേളിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുച്ചതായും സിയാസത് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

Content Highlight: Turkey condemns desecration of Quran, Turkish flag in Denmark