| Friday, 21st October 2022, 9:27 pm

സൗദിയെ ഇങ്ങനെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശരിയല്ല, നിര്‍ത്തൂ; യു.എസിനോട് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്താംബൂള്‍: എണ്ണ വിലയുടെ കാര്യത്തില്‍ സൗദി അറേബ്യയെ ആക്രമിക്കരുതെന്ന് അമേരിക്കയോട് തുര്‍ക്കി.

ഈ മാസമാദ്യം സൗദിയുടെയും റഷ്യയുടെയും നേതൃത്വത്തില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കാന്‍ തീരുമാനിച്ചതായിരുന്നു യു.എസും റഷ്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത്.

പിന്നാലെ യു.എസ് സൗദിക്കെതിരെ ഭീഷണി സ്വരവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും സൗദിയെ ഇങ്ങനെ ആക്രമിക്കരുതെന്നുമാണ് യു.എസിനെ അഡ്രസ് ചെയ്തുകൊണ്ട് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലട്ട് കാവുസോഗ്ലു (Mevlut Cavusoglu) പറഞ്ഞത്.

എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചതിലും എണ്ണ വിലയുടെ കാര്യത്തിലും ഒപെക് രാജ്യങ്ങളെ യു.എസിന് വിമര്‍ശിക്കാമെന്നും എന്നാല്‍ സൗദി അറേബ്യയെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും അത് അവസാനിപ്പിക്കണമെന്നുമാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി പറഞ്ഞത്.

വെള്ളിയാഴ്ചയായിരുന്നു കാവുസോഗ്ലുവിന്റെ ഇത് സംബന്ധിച്ച പ്രതികരണം.

”സൗദി അറേബ്യക്കെതിരായ യു.എസിന്റെ ഭീഷണി ഒട്ടും ഉചിതമല്ല. എണ്ണ വിലയുടെ വിഷയത്തില്‍ നമ്മള്‍ സമാനമായ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.

പക്ഷേ ഞങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തുന്നില്ല. ഒരു രാജ്യത്തെ ഭീഷണിപ്പെടുത്തിക്കൊണ്ട് മാത്രം നിങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാനാവില്ല.

എണ്ണ ഉല്‍പാദക രാജ്യങ്ങളെ വീണ്ടും ഉല്‍പാദനത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്,” കാവുസോഗ്ലു പറഞ്ഞു.

റഷ്യ- ഉക്രൈന്‍ വിഷയം കാരണം റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്കയടക്കമുള്ള നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും നിര്‍ത്തലാക്കിയിരുന്നു. ഇതോടെ യൂറോപ്പ് വലിയ ഇന്ധനക്ഷാമവും വിലക്കയറ്റവുമായിരുന്നു നേരിടുന്നത്.

അതേസമയം, എണ്ണ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന യു.എസിന്റെ അഭ്യര്‍ത്ഥനയെ സൗദിയടക്കമുള്ള ജി.സി.സി രാജ്യങ്ങള്‍ അവഗണിക്കുകയും ചെയ്തു. ഇതിനിടെയായിരുന്നു ഒപെക് രാജ്യങ്ങളുടെ എണ്ണ ഉത്പാദനം പ്രതിദിനം രണ്ട് മില്യണ്‍ ബാരലായി വെട്ടിക്കുറക്കാനുള്ള തീരുമാനവും പ്രഖ്യാപിക്കപ്പെട്ടത്.

ഇതിന്റെ പരിണിതഫലം സൗദി നേരിടേണ്ടി വരുമെന്നായിരുന്നു യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഭീഷണി സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. യു.എസ്-സൗദി ബന്ധം പുനപരിശോധിക്കുമെന്നും വൈറ്റ് ഹൗസ് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

Content Highlight: Turkey calls on America to stop threatening Saudi Arabia over oil prices

We use cookies to give you the best possible experience. Learn more