'മര്‍ദ്ദിച്ച് അവശനാക്കി ഡീസല്‍ കുടിപ്പിച്ചു'; തുര്‍ക്കി സൈന്യം കൊന്ന സിറിയന്‍ അഭയാര്‍ത്ഥി നേരിട്ടത് ക്രൂരപീഡനം; റിപ്പോര്‍ട്ട്
World News
'മര്‍ദ്ദിച്ച് അവശനാക്കി ഡീസല്‍ കുടിപ്പിച്ചു'; തുര്‍ക്കി സൈന്യം കൊന്ന സിറിയന്‍ അഭയാര്‍ത്ഥി നേരിട്ടത് ക്രൂരപീഡനം; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th March 2023, 11:45 pm

അങ്കാറ: അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സിറിയന്‍ പൗരനെ തുര്‍ക്കി സൈന്യം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തുര്‍ക്കി അതിര്‍ത്തി കാവല്‍ പട്ടാളമായ ജെന്‍ഡര്‍മേരിയിലെ സൈനികരാണ് ഏഴോളം വരുന്ന സിറിയന്‍ പൗരന്മാരെ അതി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തിനിടെ ഇവരെക്കൊണ്ട് ഡീസല്‍ കുടിപ്പിക്കാന്‍ സൈന്യം ശ്രമിച്ചെന്ന് തടവിലാക്കപ്പെട്ട സിറിയന്‍ പൗരന്‍ യൂസഫ് മുഹമ്മദ് പറഞ്ഞതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘എന്നെയും കൂടെയുണ്ടായിരുന്ന ഏഴ് പേരെയുമാണ് തുര്‍ക്കി സൈന്യം ക്രൂരമായി മര്‍ദ്ദിച്ചു. ഞങ്ങളെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് ഡീസല്‍ കുടിപ്പിക്കാനും ശ്രമിച്ചു. എന്നിട്ട് വൈദ്യുതി കേബിളുകളും വടിയും കമ്പിയും ഉപയോഗിച്ച് മര്‍ദ്ദിച്ചു.

അവര്‍ ഞങ്ങളുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും ഫോണുകള്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. ഒരോ തവണ അടികൊണ്ട് എന്റെ ബോധം പോയപ്പോഴും അവര്‍ എന്റെ മുഖത്തേക്ക് വെള്ളം ഒഴിക്കുകയും കണ്ണ് തുറക്കുമ്പോള്‍ വീണ്ടും അടിക്കുകയും ചെയ്തു,’ യൂസഫ് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

സിറിയന്‍ അധികൃതരുടെ റിപ്പോര്‍ട്ട് പ്രകാരം 2011 മുതല്‍ തുര്‍ക്കി സൈന്യത്തിന്റെ പിടിയില്‍പ്പെട്ട് 555 സിറിയക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കില്‍ പറയുന്നത്. ഇതില്‍ 103 കുട്ടികളും 67 സ്ത്രീകളും ഉള്‍പ്പെടും.

ഇതേ കാലയളവില്‍ 2295 ആളുകള്‍ തുര്‍ക്കി അതിര്‍ത്തി സൈന്യത്തിന്റ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നതായി മിഡില്‍ ഈസ്റ്റ് ഐ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2011ല്‍ സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതിന് ശേഷം ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് തുര്‍ക്കി അതിര്‍ത്ഥി വഴി പലായനം ചെയ്‌തെന്നാണ് യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവരില്‍ പലരെയും തുര്‍ക്കി സൈന്യം പിടികൂടി തടവിലാക്കണമെന്നാണ് നിയമം. പിന്നീട് ഇവരെ സിറിയയിലേക്ക് തിരിച്ചയക്കാറാണ് പതിവ്. എന്നാല്‍ പലരും തടവില്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകാറുണ്ടെന്ന് സിറിയയിലെ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മോസന്‍ അല്ലൗഷ് പറഞ്ഞു.

Content Highlight: Turkey border force killed syrian refugee