| Friday, 8th July 2022, 8:20 am

ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ ആരോഗ്യപ്രവര്‍ത്തകര്‍; മാധ്യമങ്ങളെ നിരോധിച്ച് അധികൃതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: തുര്‍ക്കിയില്‍ രോഗിയുടെ ബന്ധു ഡോക്ടറെയും സെക്രട്ടറിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു.

തുര്‍ക്കിയിലെ വിവിധ നഗരങ്ങളിലായാണ് വ്യാഴാഴ്ച പ്രതിഷേധം അരങ്ങേറിയത്. ഡോക്ടര്‍മാര്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്.

ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരണമെന്നും സമരത്തിലുള്ള മെഡിക്കല്‍ യൂണിയനുകളും ഡോക്ടര്‍മാരും ആവശ്യപ്പെടുന്നുണ്ട്.

ഇസ്താംബൂളില്‍ ലോക്കല്‍ ഹെല്‍ത്ത് അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ തുര്‍ക്കി പൊലീസ് കുരുമുളക് ഗ്യാസ് സ്‌പ്രേ ചെയ്തുകൊണ്ടാണ് നേരിട്ടത്.

ബുധനാഴ്ച സെന്‍ട്രല്‍ അനടോലിയന്‍ നഗരമായ കോന്യയിലായിരുന്നു സംഭവം. രോഗിയുടെ മകനാണ് കാര്‍ഡിയോളജിസ്റ്റായ ഡോ. എക്രെം കരകയയെയും അദ്ദേഹത്തിന്റെ സെക്രട്ടറിയെയും വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് കൊലപാതകി സ്വയം വെടിവെച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്റെ മാതാവ് മരിക്കാന്‍ കാരണം എക്രെം കരകയയുടെ ചികിത്സയാണ് എന്നാരോപിച്ചായിരുന്നു ഇയാള്‍ ഡോക്ടറെ കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്ത് രണ്ട് ദിവസത്തെ സമരം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അടിയന്തര സര്‍വീസുകള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം ഡോക്ടറുടെ മരണം സംബന്ധിച്ച മീഡിയ കവറേജ് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. തുര്‍ക്കിയിലെ റേഡിയോ, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റുകളുടെ നിയന്ത്രണ ചുമതലയുള്ള സ്‌റ്റേറ്റ് ഏജന്‍സിയായ റേഡിയോ ആന്‍ഡ് ടെലിവിഷന്‍ സുപ്രീം കൗണ്‍സിലാണ് (ആര്‍.ടി.യു.കെ) ഇരട്ട കൊലപാതകത്തിന്മേലുള്ള എല്ലാ മാധ്യമ കവറേജും നിരോധിച്ചിരിക്കുന്നത്.

”കോന്യ സിറ്റി ഹോസ്പിറ്റലിലെ സായുധ ആക്രമണവുമായി ബന്ധപ്പെട്ട്, അച്ചടി, ദൃശ്യ, സോഷ്യല്‍ മീഡിയകള്‍ക്കും ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കും പ്രക്ഷേപണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്,” ആര്‍.ടി.യു.കെ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഉത്തരവ് പാലിക്കാത്ത മാധ്യമങ്ങള്‍ക്ക് പിഴ ഈടാക്കുമെന്നും പ്രസ്താവനയിലുണ്ട്.

അതേസമയം, തുര്‍ക്കിയില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2021ല്‍ മാത്രം കുറഞ്ഞത് 364 ആരോഗ്യ പ്രവര്‍ത്തകര്‍ വിവിധ തരത്തിലുള്ള അക്രമങ്ങള്‍ക്ക് ഇരയായതായും അതില്‍ 316 പേര്‍ കൊല്ലപ്പെട്ടതായും ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വര്‍ക്കേഴ്‌സ് യൂണിയനെ ഉദ്ധരിച്ച് എ.ബി.സി ന്യൂസ്, ബാല്‍ക്കന്‍ ഇന്‍സൈറ്റ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ അക്രമങ്ങള്‍ക്കും പിന്നില്‍ രോഗികളോ അവരുടെ ബന്ധുക്കളോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പല ആരോഗ്യപ്രവര്‍ത്തകരും ഇത് കാരണം തുര്‍ക്കി വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ജോലി തേടി പോകുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Turkey Bans Media Coverage of Doctor’s Murder, healthcare workers protest against mounting violence

We use cookies to give you the best possible experience. Learn more