| Friday, 3rd May 2024, 7:46 pm

ഗസയിലെ ആക്രമണങ്ങളിൽ പ്രതിഷേധം; ഇസ്രഈലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാര: ഗസയില്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രഈലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും അവസാനിപ്പിച്ച് തുര്‍ക്കി. കഴിഞ്ഞ മാസം മുതല്‍ ഇസ്രഈലിലേക്കുള്ള കയറ്റുമതിയില്‍ തുര്‍ക്കി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് വ്യാപാര ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായി തുര്‍ക്കി അറിയിച്ചത്. നടപടി വ്യാഴാഴ്ച മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുന്നത് വരെ വ്യാപാര ബന്ധം തുടരില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇസ്രഈല്‍ നടത്തുന്ന കൂട്ടക്കൊല തുടരുന്നതും അന്താരാഷ്ട്ര വെടിനിര്‍ത്തല്‍ ശ്രമങ്ങളെ ഇസ്രഈല്‍ സര്‍ക്കാര്‍ അവഗണിക്കുകയും, തടയുകയും ചെയ്തതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സര്‍ക്കാർ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രഈലിലേക്കുള്ള 54 ഉല്‍പ്പന്ന ഗ്രൂപ്പുകളുടെ കയറ്റുമതി തുര്‍ക്കി നേരത്തെ നിയന്ത്രിച്ചിരുന്നു.

ഇസ്രഈല്‍ സര്‍ക്കാര്‍ അതിന്റെ ആക്രമണാത്മക പെരുമാറ്റം തുടരുന്നുവെന്നും ഫലസ്തീനിലെ മാനുഷിക ദുരന്തം കൂടുതല്‍ വഷളാകുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഗസയിലേക്കുള്ള മാനുഷിക സഹായം തടസമില്ലാതെ തുടരുന്നത് വരെ തുര്‍ക്കി നടപടികളുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മറുവശത്ത്, ഫലസ്തീന്‍ ജനതയെ ഈ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി വ്യാപാര മന്ത്രാലയം ഫലസ്തീൻ അധികാരികളുമായി ചര്‍ച്ച നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ടര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 2023ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 6.8 ബില്യണ്‍ ഡോളറായിരുന്നു. തുര്‍ക്കിയുടെ കയറ്റുമതി മൊത്തം 76 ശതമാനം വരും.

Content Highlight: Turkey announces suspension of trade activities with Israel

We use cookies to give you the best possible experience. Learn more