| Friday, 23rd December 2022, 8:35 am

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച നടപടി ഇസ്‌ലാമികമല്ലെന്ന് തുര്‍ക്കി, അമ്പരപ്പിക്കുന്നതെന്ന് സൗദി; തീരുമാനത്തില്‍ മാറ്റമില്ലെന്ന് താലിബാന്‍ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതികരിച്ച് തുര്‍ക്കിയും സൗദി അറേബ്യയും.

യൂണിവേഴ്‌സിറ്റികളില്‍ പെണ്‍കുട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ഇസ്‌ലാമികമോ മനുഷ്യത്വപരമോ അല്ലെന്നായിരുന്നു തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുട് കാവുസോഗ്ലു (Mevlut Cavusoglu) വിഷയത്തില്‍ പ്രതികരിച്ചത്.

സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നത് കൊണ്ട് താലിബാന് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്ന് ചോദിച്ച തുര്‍ക്കി മന്ത്രി നിലപാടില്‍ മാറ്റം വരുത്താനും വിലക്ക് പിന്‍വലിക്കാനും താലിബാന്‍ നേതൃത്വം തയ്യാറാകണമെന്നും കൂട്ടിച്ചേര്‍ത്തു.

”സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നത് കൊണ്ട് എന്ത് ദോഷമാണ് ഉള്ളത്? അത് അഫ്ഗാനിസ്ഥാന് എന്ത് ദോഷമാണ് ഉണ്ടാക്കുന്നത്?

ഇതിന് ഇസ്‌ലാമികമായി എന്തെങ്കിലും വിശദീകരണമുണ്ടോ? നമ്മുടെ മതമായ ഇസ്‌ലാം ഒരിക്കലും വിദ്യാഭ്യാസത്തിന് എതിരല്ല നേരെമറിച്ച്, അത് വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും പ്രോത്സാഹിപ്പിക്കുന്നു,” കാവുസോഗ്ലു പറഞ്ഞു.

താലിബാന്റെ നടപടി അമ്പരപ്പിക്കുന്നതും ഖേദമുണ്ടാക്കുന്നതുമാണെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ഇസ്‌ലാമിക രാജ്യങ്ങളിലും ഇത് ഞെട്ടലുണ്ടാക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദിം (Nida Mohammad Nadim) രംഗത്തെത്തി.

സര്‍വകലാശാലകളിലെ ലിംഗഭേദം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന ചില വിഷയങ്ങള്‍ ഇസ്‌ലാമിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

വിലക്കിനെതിരായി സൗദി, തുര്‍ക്കി, ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ പ്രതികരിച്ചതിനെയും നദിം തള്ളിപ്പറഞ്ഞു.

അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് വിദേശ രാജ്യങ്ങള്‍ നിര്‍ത്തണമെന്നാണ് ഒരു അഫ്ഗാന്‍ ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നദിം പ്രതികരിച്ചത്.

അതേസമയം വിദ്യഭ്യാസ വിലക്കിനെതിരെ പ്രതികരിച്ചുകൊണ്ട് അഫ്ഗാനിലെ സ്ത്രീകള്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ അഫ്ഗാനില്‍ സെക്കന്ററി സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. പുതിയ നടപടിപ്രകാരം നിലവില്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും പുറത്താകും.

ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെയാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളെ വിലക്കികൊണ്ടുള്ള ഉത്തരവിറക്കിയത്. വിലക്ക് ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരുമെന്നും താലിബാന്‍ അറിയിച്ചിട്ടുണ്ട്.

‘സ്ത്രീകളുടെ വിദ്യാഭ്യാസം നിര്‍ത്തലാക്കുകയാണ്. ഇത് ഉടനടി നടപ്പിലാക്കണം. പുതിയ ഒരു ഉത്തരവുണ്ടാകുന്നത് വരെ ഇത് തുടരും,’ നിദ മുഹമ്മദ് നദിം പുറത്തുവിട്ട ഉത്തരവില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ സര്‍വകലാശാലകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

ഏകദേശം മൂന്ന് മാസം മുമ്പാണ് അഫ്ഗാനിലെ സര്‍വകലാശാലകളിലേക്ക് പ്രവേശന പരീക്ഷ നടന്നത്. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും വിവിധ വിഷയങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.

വെറ്റിനറി സയന്‍സ്, എഞ്ചിനീയറിങ്, ഇക്കണോമിക്‌സ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ക്കായിരുന്നു വിലക്ക്. താലിബാന്‍ അനുവദിച്ച വിഷയങ്ങളിലേക്കുള്ള പരീക്ഷകള്‍ മാത്രമേ പെണ്‍കുട്ടികള്‍ക്ക് എഴുതാന്‍ കഴിയുമായിരുന്നുള്ളു.

2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ തീവ്രമായ സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന്‍ നടപ്പിലാക്കിയിരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികളാക്കിയിരുന്നു.

പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ പുറത്താക്കുന്നതിന് വേണ്ടി ശമ്പളം വെട്ടികുറക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചിരുന്നു.

വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കണമെന്നും ബന്ധുവായ ഒരു പുരുഷനോടൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നുമുള്ള ഉത്തരവുകളും താലിബാന്‍ കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയിരുന്നു.

Content Highlight: Turkey and Saudi Arabia condemn Taliban’s university ban for women

We use cookies to give you the best possible experience. Learn more