World News
ഹാപ്പി ന്യൂയര്‍ ആശംസിച്ച് എര്‍ദോഗന്‍, 'പ്രിയപ്പെട്ട ത്വയ്യിബ്' വിളിയുമായി മാക്രോണ്‍; ഫ്രാന്‍സ്-തുര്‍ക്കി കത്തിടപാടില്‍ അമ്പരന്ന് ലോകം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 16, 05:50 am
Saturday, 16th January 2021, 11:20 am

പാരിസ്/ഇസ്താംബുള്‍: മാസങ്ങള്‍ നീണ്ടുനിന്ന തര്‍ക്കത്തിന് പിന്നാലെ അനുനയ മാര്‍ഗങ്ങള്‍ തേടി ഫ്രാന്‍സും തുര്‍ക്കിയും. ഷാര്‍ലെ ഹെബ്ദോയുടെ വിവാദമായ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ച അധ്യാപകനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഫ്രാന്‍സും തുര്‍ക്കിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരുന്നു. ഇപ്പോള്‍ ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ കത്തിടപാടിലൂടെ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്.

തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുട്ട് കാവുസോഗ്ലുവാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തുര്‍ക്കിയാണ് കത്തിടപാടിന് തുടക്കം കുറിച്ചത്.

പുതുവര്‍ഷാശംസകള്‍ നേര്‍ന്നുകൊണ്ട് തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് കത്തയച്ചിരുന്നു. സമീപകാലത്ത് ഫ്രാന്‍സില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളില്‍ ദുഖം പ്രകടിപ്പിച്ചുകൊണ്ടു കൂടിയായിരുന്നു എര്‍ദോഗന്റെ കത്ത്.

ഈ കത്തിനോട് നല്ല രീതിയിലാണ് ഫ്രാന്‍സ് പ്രതികരിച്ചതെന്ന് മെവ്‌ലുട്ട് കാവുസോഗ്ലു പറഞ്ഞു. തുര്‍ക്കി അഭിസംബോധനയായ ‘പ്രിയപ്പെട്ട ത്വയ്യിബ്’ എന്ന് സ്വന്തം കൈപ്പടയിലെഴുതികൊണ്ടായിരുന്നു മാക്രോണിന്റെ മറുപടി കത്തെന്ന് കാവുസോഗ്ലു പറഞ്ഞു.

ഇരു പ്രസിഡന്റുമാരും നേരിട്ടുള്ള കൂടിക്കാഴ്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വൈകാതെ ഇരുവരും തമ്മില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാല് മേഖലകകളില്‍ തുര്‍ക്കിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. നയതന്ത്ര ഉപദേശങ്ങള്‍, തീവ്രവാദത്തെ ചെറുക്കല്‍, ലിബിയ, സിറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള തുര്‍ക്കിയുടെ പ്രാദേശിക പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഫ്രാന്‍സ് സഹകരണം വാദ്ഗാനം ചെയ്തിട്ടുണ്ടെന്ന് കാവുസോഗ്ലു കൂട്ടിച്ചേര്‍ത്തു.

എര്‍ദോഗനും മാക്രോണും തമ്മിലുള്ള ഈ കത്തിടപാട് ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനപ്പുറത്തേക്ക് എര്‍ദോഗനും മാക്രോണും തമ്മിലുള്ള വ്യക്തിപരമായ വാക് തര്‍ക്കത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു.

മാക്രോണിനെ പുറത്താക്കണമെന്നും മാനസികാരോഗ്യത്തിന് ചികിത്സ നല്‍കണമെന്നും എര്‍ദോഗന്‍ കഴിഞ്ഞ മാസം പ്രസ്താവന നടത്തിയിരുന്നു. ലിബിയ, കിഴക്കേ മെഡിറ്ററേനിയന്‍ തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ തുര്‍ക്കിക്കെതിരെ ഉപരോധത്തിനും മാക്രോണും ആഹ്വാനം ചെയ്തിരുന്നു.

ഷാര്‍ലെ ഹെബ്ദൊ മാഗസിനിലെ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണിനെ പിന്തുണച്ച് മാക്രോണ്‍ രംഗത്തെത്തിയതോടെ ഫ്രാന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ എര്‍ദോഗന്‍ ആഹ്വാനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇത്.

യു.എസ് പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങളുമായി തര്‍ക്കങ്ങള്‍ പരിഹരിച്ച് രമ്യതയിലെത്താന്‍ തുര്‍ക്കി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Turkey and France tries to reconcile, Erdogan and Macron writes letters