അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയ കേസ് സൗദിയിലേക്ക് മാറ്റണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം അംഗീകരിക്കുമെന്ന് തുര്‍ക്കി നീതിന്യായ മന്ത്രി ബെക്കിര്‍ ബോസ്ഡാഗ്.
പ്രതികളായ 26 സൗദി പൗരന്മാരുടെ അസാന്നിധ്യമുള്ളതിനാല്‍ ഇസ്താംബൂളിലെ വിചാരണ നിര്‍ത്തിവയ്ക്കാനും സൗദിയിലേക്ക് മാറ്റാനും തുര്‍ക്കി പ്രോസിക്യൂട്ടര്‍ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ കോടതി നീതിന്യായ മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയിരുന്നു. തുടര്‍ന്നാണ് നീതിന്യായ മന്ത്രിയുടെ പ്രതികരണം വന്നത്.
തുര്‍ക്കിയിലെ കോടതി വിചാരണയ്ക്കിടെ, 26 പ്രതികള്‍ക്ക് നോട്ടീസ് പുറപ്പെടുവിക്കുകയും 20 പേരെ കൈമാറാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാ അഭ്യര്‍ത്ഥനകളും നിരസിച്ച സൗദി അറേബ്യ തുര്‍ക്കിയിലെ നടപടികള്‍ നിര്‍ത്തിവച്ച് വിചാരണ സൗദിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഖഷോഗ്ജിയുടെ വധത്തില്‍ തുര്‍ക്കി അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് സൗദി-തുര്‍ക്കി ബന്ധം വഷളായിരുന്നു. അന്വേഷണം ഉപേക്ഷിക്കാന്‍ സൗദി കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് തുര്‍ക്കിയുടെ നീക്കം.
തുര്‍ക്കിയുടെ നീക്കത്തെ അപലപിച്ച മനുഷ്യാവകാശ സംഘടനകള്‍ സൗദി അറേബ്യ നീതിയുക്തമായ വിചാരണ നടത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് പറഞ്ഞു. തുര്‍ക്കി പ്രോസിക്യൂട്ടറുടെ അഭ്യര്‍ത്ഥനയെ ‘നട്ടെല്ലില്ലാത്തത്’ എന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് വിശേഷിപ്പിച്ചത്.
2018 ഒക്ടോബര്‍ രണ്ടിനായിരുന്നു തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗ്ജി കൊല്ലപ്പെട്ടത്. സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഏര്‍പ്പെടുത്തിയ ആളുകളാണ് ഖഷോഗ്ജിയെ കൊലപ്പെടുത്തിയതെന്നാണ് സി.ഐ.എ അടക്കം റിപ്പോര്‍ട്ട് പുറത്തുവിട്ടത്.