ജോസച്ചായന്റെ ഇടിപ്പൂരം നേരത്തെയാക്കി......
Film News
ജോസച്ചായന്റെ ഇടിപ്പൂരം നേരത്തെയാക്കി......
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th April 2024, 6:53 pm

മലയാള സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയേടെ കാത്തിരിക്കുന്ന സിനിമകളിലന്നാണ് ടര്‍ബോ. മധുരരാജക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ പ്രതീക്ഷകളുടെ കൊടുമുടിയിലാണ്. തുടര്‍ച്ചയായി മികച്ച കണ്ടന്റുകള്‍ മാത്രം സിനിമാലോകത്തിന് നല്‍കുന്ന മമ്മൂട്ടിക്കമ്പനി ആദ്യമായി ഒരുക്കുന്ന മാസ് എന്റര്‍ടൈനര്‍ എന്ന നിലയില്‍ ടര്‍ബോ ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കുന്ന ഓളം ചെറുതല്ല.

വലിയപെരുന്നാള്‍ റിലീസായി ജൂണ്‍ 13ന് റിലീസാകുമെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ റിലീസ് തിയതി നേരത്തെയാക്കിയിരിക്കുകയാണ്. മെയ് 23ന് സിനിമ റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു.

ഇതോടെ മെയ് മാസത്തിലെ വന്‍ റിലീസുകളുടെ ലിസ്റ്റിലേക്ക് ടര്‍ബോയും ചേര്‍ന്നിരിക്കുകയാണ്. നിവിന്‍ പോളി- ഡിജോ ജോസ് ആന്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ, ടൊവിനോ- ജീന്‍ പോള്‍ കോമ്പോയുടെ നടികര്‍, പൃഥ്വിരാജ്- ബേസില്‍ ജോസഫ് ഒന്നിക്കുന്ന വിപിന്‍ ദാസ് ചിത്രം ഗുരുവായൂരമ്പല നടയില്‍ എന്നീ സിനിമകളുടെ ലിസ്റ്റിലേക്കാണ് ടര്‍ബോയും ചേരുന്നത്.

മിഥുന്‍ മാനുവല്‍ തോമസാണ് ടര്‍ബോയുടെ തിരക്കഥ. ഭ്രമയുഗത്തിന് ശേഷം ക്രിസ്‌റ്റോ സേവിയര്‍ സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. കന്നഡ താരം രാജ് ബി ഷെട്ടി, തെലുങ്ക് താരം സുനില്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Content Highlight: Turbo new release date announced