| Tuesday, 28th May 2024, 9:00 am

ജോസേട്ടായി കളം നിറഞ്ഞ് കളിക്കുമ്പോൾ സക്സസ് ടീസർ പുറത്ത് വിട്ട് ടർബോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ലോകമെമ്പാടും നിന്ന് നാല് ദിവസങ്ങൾ കൊണ്ട് 52 കോടി രൂപ കളക്ഷൻ നേടിയതിന് പിന്നാലെ ചിത്രത്തിന്റെ സക്‌സസ് ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ.

മാസ് ആക്ഷൻ ചിത്രമായ ‘ടർബോ’ യിലെ കോമഡി രംഗങ്ങൾ കൊണ്ട് ഒരുമിച്ച് ചേർത്തതാണ് സക്‌സസ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാസ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ ഫാമിലി ഓഡിയൻസിനെ ആകർഷിക്കുന്ന പൊട്ടിച്ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മെയ് 23ന് റിലീസ് ചെയ്ത ‘ടർബോ’ മമ്മൂട്ടി ചിത്രങ്ങളിൽ തന്നെ ഏറ്റവും വേഗമേറിയ കളക്ഷൻ നേടി മുന്നേറുകയാണ്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിവസം മുതൽ ചിത്രം റെക്കോഡുകൾ തീർക്കുകയായിരുന്നു.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരികൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്സ്ട്രാ ഷോകളും നാലാം ദിനത്തിൽ 140ലധികം എക്സ്ട്രാ ഷോകളാണ് ചാർട്ട് ചെയ്തിരുന്നത്. കേരളത്തിൽ ടർബോയ്ക്കായി ചാർട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.


റെക്കോഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

2 മണിക്കൂർ 32 മിനുറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്.
‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ടർബോ. പി.ആർ.ഒ: ശബരി

Content Highlight: Turbo Movie Success Teaser

We use cookies to give you the best possible experience. Learn more