| Sunday, 14th April 2024, 7:22 pm

മലയാള സിനിമയെ മാസിലേക്ക് നയിക്കാൻ മമ്മൂട്ടിയുടെ ടർബോ; റിലീസ് ഡേറ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ റിലീസ് ഡേറ്റ് വിഷു ദിനത്തിൽ ‍പുറത്തുവിട്ടു. ചിത്രം ജൂൺ 13ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ചിത്രത്തിൽ ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും കണ്ടപ്പോൾ മുതലേ മമ്മൂട്ടിയുടെ പുതിയ ​ഗെറ്റപ്പ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ്.

ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പേർസ്യുട്ട് ക്യാമറ’യാണ് ചിത്രത്തിൽ ഉപയോ​ഗിച്ചിരിക്കുന്നത്. 200 കിമീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. ‘ട്രാൻഫോർമേഴ്‌സ്’, ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’ പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ‘പോക്കിരിരാജ’, ‘മധുരരാജ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ എത്തുന്ന സിനിമയാണ് ‘ടർബോ’.

ഛായാഗ്രഹണം: വിഷ്ണു ശർമ, ചിത്രസംയോജനം ഷമീർ മുഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: വിഷ്ണു സുഗതൻ, പി.ആർ.ഒ: ശബരി

Content Highlight: Turbo movie’s release date out

We use cookies to give you the best possible experience. Learn more