അവസാനിപ്പിക്കാന്‍ പറ്റാത്തതൊന്നും അയാള്‍ തുടങ്ങിവെക്കാറില്ല
Entertainment
അവസാനിപ്പിക്കാന്‍ പറ്റാത്തതൊന്നും അയാള്‍ തുടങ്ങിവെക്കാറില്ല
അമര്‍നാഥ് എം.
Thursday, 23rd May 2024, 3:12 pm

മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം, മിഥുന്‍ മാനുവല്‍ ആദ്യമായി എഴുതുന്ന ആക്ഷന്‍ ചിത്രം എന്നീ നിലകളില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ ടര്‍ബോയുടെ മേല്‍ വന്‍ പ്രതീക്ഷ തന്നെയായിരുന്നു. വന്‍ ബജറ്റും വമ്പന്‍ താരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന് ഗംഭീര വരവേല്പായിരുന്നു ലഭിച്ചത്.

ട്രെയ്‌ലറില്‍ കണ്ടതുപോലെ മലയോരത്തെ ഗ്രാമത്തില്‍ അല്ലറ ചില്ലറ തല്ലുംപിടിയുമൊക്കെയായി പോകുന്ന അരുവിത്തടം ജോസ് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് സിനിമയുടെ കഥ. ഒരു ആക്ഷന്‍ സിനിമയില്‍ എന്തൊക്കെയുണ്ടാകുമോ അതെല്ലാം ഇതിലുമുണ്ട്. ഊഹിക്കാവുന്ന കഥാഗതിയില്‍ വൈശാഖ് എന്ന സംവിധായകനും ക്രിസ്‌റ്റോ സേവിയര്‍ എന്ന സംഗീത സംവിധായകനും വേണ്ട രീതിയില്‍ പണിയെടുത്തപ്പോള്‍ തിയേറ്ററില്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും കാണാന്‍ കഴിയുന്ന സിനിമയായി ടര്‍ബോ മാറി.

വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിയാത്ത ഒന്നുരണ്ട് ഫൈറ്റും അവിടവിടായി ഉണ്ടാകുന്ന രണ്ടുമൂന്ന് കോമഡികളും ചേര്‍ന്ന് ശരാശരി നിലവാരത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യപകുതി. ഒരു വശത്ത് ഇടിയുണ്ടാക്കി നടക്കുന്ന മമ്മൂട്ടിയുടെ ജോസും, മറുവശത്ത് ആളുകളെ കൊന്നുകൊണ്ട് നടക്കുന്ന രാജ് ബി. ഷെട്ടിയുടെ വെട്രിവേലിനെയും കാണിച്ചുകൊണ്ടാണ് ആദ്യപകുതി അവസാനിക്കുന്നത്.

കൈയില്‍ നിന്ന് പോയി എന്ന് തോന്നിച്ച ആദ്യപകുതിയില്‍ നിന്ന് രണ്ടാം പകുതിയിലേക്ക് എത്തിയപ്പോള്‍ ചിത്രം ടോപ്പ് ഗിയറിലേക്ക് മാറി. അവസാന 45 മിനിറ്റ് മലയാളത്തില്‍ ഈയടുത്ത് കാലത്ത് വന്നതില്‍ വെച്ച് ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളും ചെയ്‌സിങ് രംഗങ്ങളും കൊണ്ട് തിയേറ്റര്‍ പൂരപ്പറമ്പാക്കി. അവസാനത്തെ അപ്രതീക്ഷിതമായ ടെയ്ല്‍ എന്‍ഡും കൂടിയായപ്പോള്‍ ആരാധകര്‍ക്ക് നെഞ്ചും വിരിച്ച് ഇറങ്ങി വരാന്‍ പറ്റുന്ന സിനിമയായി ടര്‍ബോ മാറി.

പെര്‍ഫോമന്‍സുകള്‍ നോക്കിയാല്‍ മമ്മൂട്ടി എന്ന നടന്‍ ഒറ്റക്ക് സിനിമയെ ചുമലിലേറ്റുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. സിംപിള്‍ ആയിട്ടുള്ള ഫസ്റ്റ് ഇന്‍ട്രോയും തിയേറ്റര്‍ കുലുക്കുന്ന തരത്തിലുള്ള സെക്കന്‍ഡ് ഇന്‍ട്രോയും കൊണ്ട് ജോസ് അഴിഞ്ഞാടി. ഇടയ്ക്ക് വരുന്ന ഇമോഷന്‍ സീനിലായാലും കോമഡികളിലായാലും അനായാസമായിട്ടുള്ള പ്രകടനമാണ് മമ്മൂട്ടി കാഴ്ച വെച്ചത്.

അതിനെക്കാള്‍ എടുത്തു പറയേണ്ടത് ആക്ഷന്‍ രംഗങ്ങളിലെയും ചെയ്‌സിങ്ങിലെയും പ്രകടനമാണ്. പറഞ്ഞു പഴകിയ ഡയലോഗാണെങ്കിലും ക്ലൈമാക്‌സിലെ ആക്ഷന്‍ കാണുമ്പോള്‍ ‘ഈ പ്രായത്തിലും എന്നാ ഒരിതാ’ എന്ന് ആരായാലും പറഞ്ഞുപോകും.

മലയാളത്തിലേക്കുള്ള അരങ്ങേറ്റം രാജ് ബി. ഷെട്ടി ഒട്ടും മോശമാക്കിയില്ല. ഇന്‍ട്രോ സീന്‍ മുതല്‍ അവസാനം വരെ ഡെവിളിഷ് വില്ലന്‍ എന്നതിനോട് പൂര്‍ണമായും നീതി പുലര്‍ത്തി. ടര്‍ബോ ജോസിന്റെ കൂടെ കട്ടക്ക് നിക്കുന്ന വില്ലന്‍ തന്നെയായിരുന്നു വെട്രിവേല്‍ ഷണ്മുഖ സുന്ദരം എന്ന കിങ്‌മേക്കര്‍.

കോമഡിയില്‍ നിന്ന് വില്ലന്‍ വേഷത്തിലേക്ക് ട്രാക്ക് മാറ്റിയ സുനിലിന്റെ ഓട്ടോ ബില്ലയും മികച്ചതായിരുന്നു. കോമഡി കലര്‍ന്ന വില്ലന്‍ വേഷത്തില്‍ മറ്റൊരാളെ സങ്കല്പിക്കാന്‍ പോലും കഴിയാത്ത വിധം അയാള്‍ മനോഹരമാക്കി. കിട്ടുന്ന സ്ഥലത്തെല്ലാം കൗണ്ടര്‍ അടിക്കുന്ന തഗ്ഗ് അമ്മച്ചിയായി ബിന്ദു പണിക്കര്‍ കൈയടികള്‍ വാങ്ങിയപ്പോള്‍ അഞ്ജന ജയപ്രകാശ്, ദിലീഷ് പോത്തന്‍, ശബരീഷ് വര്‍മ, ആമിന നിജം എന്നിവരും അവരവര്‍ക്ക് കിട്ടിയ വേഷം മികച്ചതാക്കി.

ഭ്രമയുഗത്തിന് ശേഷം വീണ്ടും മമ്മൂട്ടിയുമായി ഒന്നിക്കുമ്പോള്‍ ഡോസ് കൂടിയ സംഗീതം തന്നെയാണ് ക്രിസ്‌റ്റോ ഒരുക്കി വെച്ചത്. കാര്‍ ചെയ്‌സിങ് സീനില്‍ ചെയ്തുവെച്ച ബി.ജി.എം മാത്രം മതിയാകും അയാളുടെ ടാലന്റ് മനസിലാകാന്‍ . രാജ്.ബി. ഷെട്ടിയുടെ ഇന്‍ട്രോക്ക് കൊടുത്ത ബാക്ക്ഗ്രൗണ്ട് സ്‌കോറും ഗംഭീരമായിരുന്നു.

തിയേറ്ററുകളെ തീ പിടിപ്പിക്കുന്ന തരത്തില്‍ ആക്ഷന്‍ രംഗങ്ങളൊരുക്കിയ ഫീനിക്‌സ് പ്രഭുവിനും കൈയടി കൊടുത്തേ മതിയാകൂ. ഒരു മാസ് സിനിമക്ക് വേണ്ട രീതിയില്‍ കറക്ടായിട്ടുള്ള മീറ്ററില്‍ തന്നെയാണ് എല്ലാ ഫൈറ്റും ഒരുക്കിയത്. പൊലീസ് സ്റ്റേഷന്‍ ഫൈറ്റും, ക്ലൈമാക്‌സ് ഫൈറ്റും എല്ലാം ഗംഭീരമായിരുന്നു.

വൈശാഖ്, അയാളെപ്പറ്റി പറയാതെ ഒന്നും പൂര്‍ണമാകില്ല. പുലിമുരുകന് ശേഷം സംവിധാനം ചെയ്ത സിനിമകള്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ പോയപ്പോള്‍ ഈ സിനിമ അയാള്‍ക്ക് അത്രക്ക് പ്രധാനപ്പെട്ടതായി മാറി. തന്നിലെ സംവിധായകനെ വിലകുറച്ച് കണ്ടവര്‍ക്ക് കൊടുത്ത മറുപടി കൂടിയാണ് ടര്‍ബോ.

കൈവെച്ച സിനിമകളെല്ലാം മികച്ചതെന്ന് മാത്രം പറയിപ്പിച്ച മമ്മൂട്ടിക്കമ്പനിക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. മൊത്തത്തില്‍ പ്രെഡിക്ടബിളായ ഒരു തിരക്കഥയെ ഗംഭീര മേക്കിങ് കൊണ്ട് തിയേറ്റര്‍ പൂരപ്പറമ്പാക്കാന്‍ പറ്റിയ സിനിമ തന്നെയാണ് ടര്‍ബോ.

Content Highlight: Turbo movie review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം