| Thursday, 23rd May 2024, 1:09 pm

ടര്‍ബോ ജോസിന്റെ കിന്റല്‍ ഇടിയില്‍ കുലുങ്ങി തിയേറ്റര്‍, 72ാം വയസിലെ അഴിഞ്ഞാട്ടം; ടര്‍ബോയുടെ ആദ്യ പ്രതികരണങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ടര്‍ബോ. ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ മമ്മൂട്ടി ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി.

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തിയത്. മെഗാ സ്റ്റാറിന്റെ കിന്റല്‍ ഇടിയില്‍ തിയേറ്റര്‍ കുലുങ്ങിയെന്നും 72ാം വയസിലെ അഴിഞ്ഞാട്ടമാണ് ടര്‍ബോയെന്നുമാണ് ആദ്യ പ്രതികരണമായി എത്തുന്നത്.

മമ്മൂട്ടി കമ്പനി ഇങ്ങനെയൊരു സിനിമ സെലക്ട് ചെയ്തത് വെറുതെയല്ലെന്നും അത് സിനിമയുടെ ഇന്‍ട്രോയില്‍ പോലും തോന്നിയെന്നുമൊക്കെയാണ് പലരും അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയുടേത് എക്‌സ്ട്രാ ഓര്‍ഡിനറി പെര്‍ഫോമന്‍സാണെന്നും മാസ് പ്രതീക്ഷിച്ചവര്‍ക്ക് നിരാശപെടേണ്ടി വരില്ലെന്നുമാണ് ആദ്യ പ്രതികരണങ്ങള്‍.

ടര്‍ബോ ഫസ്റ്റ് ഹാഫില്‍ ആവറേഞ്ച് ആയി തോന്നിയെന്നും എന്നാല്‍ സെക്കന്റ് ഹാഫില്‍ ടോപ്പ് ഗിയറില്‍ ആയെന്നുമുള്ള അഭിപ്രായങ്ങളുമുണ്ട്. വില്ലനായി എത്തിയ രാജ് ബി. ഷെട്ടിയുടെ കഥാപാത്രത്തിനും മികച്ച അഭിപ്രായമാണ് വരുന്നത്. ഒപ്പം ക്രിസ്റ്റോ സേവ്യറിന്റെ മ്യൂസിക്കും വൈശാഖിന്റെ സംവിധാനവും മിഥുന്‍ മാനുവലിന്റെ തിരക്കഥക്കും പോസിറ്റീവ് റിവ്യൂകളാണ് ലഭിക്കുന്നത്.

കാതലിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന് ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യര്‍ സംഗീതം നല്‍കുന്നുവെന്ന പ്രത്യേകതയുമുണ്ട്. തെലുങ്ക് താരം സുനില്‍, അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ, ബിന്ദു പണിക്കര്‍, ദിലീഷ് പോത്തന്‍ തുടങ്ങി വന്‍ താരനിര ടര്‍ബോയിലുണ്ട്.

Content Highlight: Turbo Movie First Reactions Of Audience

We use cookies to give you the best possible experience. Learn more