| Tuesday, 4th June 2024, 7:05 pm

മിഥുന്‍ കഥ പറഞ്ഞപ്പോള്‍ മനസില്‍ വന്നത് മമ്മൂക്കയുടെ ആ ഹിറ്റ് കഥാപാത്രം: ടര്‍ബോ എഡിറ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത സിനിമയില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. ഷമീര്‍ മുഹമ്മദായിരുന്നു ചിത്രത്തിന്റെ എഡിറ്റര്‍.

മിഥുന്‍ മാനുവല്‍ തോമസ് മുമ്പ് ടര്‍ബോ ജോസിനെ കുറിച്ച് പറയുമ്പോള്‍ ശരിക്കും കോട്ടയം കുഞ്ഞച്ചനെ പോലെയുള്ള കഥാപാത്രമായിരുന്നു അതെന്ന് പറയുകയാണ് ഷമീര്‍ മുഹമ്മദ്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മിഥുനിനോട് ഞാന്‍ എനിക്ക് വേണ്ടി ഒരു കഥയെഴുതാന്‍ പറഞ്ഞിരുന്നു. വൈശാഖേട്ടനും മിഥുനും തമ്മില്‍ മുമ്പ് പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഞാനും വൈശാഖേട്ടനും തമ്മില്‍ പരിചയമുണ്ടായിരുന്നു.

ചേട്ടന് അടുത്തതായി പടം ചെയ്യാന്‍ കഥയില്ലാതെ വന്നപ്പോഴാണ് ഞാന്‍ മിഥുനിനോട് സംസാരിക്കുന്നതും ഇരുവരെയും പരസ്പരം പരിചയപ്പെടുത്തുന്നതും. അന്ന് മിഥുനിന്റെ കൈയില്‍ കഥയില്ലായിരുന്നു.

ആദ്യത്തെ ഡിസ്‌ക്കഷന്‍ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് പണ്ട് എഴുതിയ ഒരു കഥയുണ്ടെന്ന് മിഥുന്‍ പറയുന്നത്. കുറേനാളായെന്നും അതിന് സെക്കന്റ് ഹാഫായിട്ടില്ലെന്നുമായിരുന്നു അവന്‍ അന്ന് പറഞ്ഞിരുന്നത്.

അങ്ങനെ ആ കഥയാണ് മിഥുന്‍ വൈശാഖേട്ടനോട് പറയുന്നത്. പിന്നെ എല്ലാവരും കൂടെയിരുന്ന് ചര്‍ച്ചയായി. മിഥുന്‍ അന്ന് നല്ല തിരക്കിലായിരുന്നു. അബ്രഹാം ഓസ്ലറും ഗരുഡനും നടക്കുന്ന സമയമായിരുന്നു അത്. പിന്നെ അണലിയെന്ന വെബ് സീരീസ് എഴുതുന്ന സമയവുമായിരുന്നു.

മിഥുന്‍ അന്ന് ടര്‍ബോ ജോസിനെ കുറിച്ച് പറയുമ്പോള്‍ ശരിക്കും കോട്ടയം കുഞ്ഞച്ചനെ പോലെയുള്ള കഥാപാത്രമായിരുന്നു അത്. എന്നാല്‍ പടത്തില്‍ ഇപ്പോള്‍ അങ്ങനെയല്ല. മമ്മൂക്ക അത് നന്നായി ചെയ്തിട്ടുണ്ട്.

ഇക്ക അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഒരുപാട് മുമ്പ് ചെയ്തിട്ടുണ്ട്. മിഥുന്‍ കഥ പറയുന്ന സമയത്ത് നമുക്ക് മനസില്‍ കിട്ടിയത് കോട്ടയം കുഞ്ഞച്ചനെ പോലെയുള്ള ഒരു കഥാപാത്രത്തെയായിരുന്നു,’ ഷമീര്‍ മുഹമ്മദ് പറഞ്ഞു.


Content Highlight: Turbo Movie Editor Talks About Midhun Manual Thomas’s Script

We use cookies to give you the best possible experience. Learn more