| Friday, 17th May 2024, 5:19 pm

'ടര്‍ബോ മോഡ് ഓണ്‍' അഡ്വാന്‍സ് ബുക്കിങ്ങിലും റെക്കോഡ് തകര്‍ത്ത് ടര്‍ബോ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന മാസ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം കൊണ്ട് ലോകമെമ്പാടും ഒരു കോടി രൂപയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു.

ചിത്രത്തിന്റെ റിലീസിനായി ഇനിയും ഒരാഴ്ച ബാക്കിയുള്ളപ്പോഴാണ് ഈ റെക്കോഡ് വില്‍പ്പന നടക്കുന്നത്. യു.കെയില്‍ റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജര്‍മനിയില്‍ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടര്‍ബോ മാറി.

കേരളത്തില്‍ തീയേറ്റര്‍ ചാര്‍ട്ടിങ് നടക്കുന്നു. കേരളത്തില്‍ 300ലധികം തീയറ്ററുകളിലായി ടര്‍ബോ എത്തും. രണ്ട് മണിക്കൂര്‍ 35 മിനുറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ട്രെയ്‌ലര്‍ വന്‍ ആവേശമാണ് ആരാധകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും ജനിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുന്‍ മാനുവല്‍ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടര്‍ബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ കന്നഡ താരം രാജ് ബി. ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് അവതരിപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ് ഒരുക്കുന്നത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ടര്‍ബോ.

ഛായാഗ്രാഹണം: വിഷ്ണു ശര്‍മ, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ആക്ഷന്‍ ഡയറക്ടര്‍: ഫൊണിക്‌സ് പ്രഭു, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, കോ-ഡയറക്ടര്‍: ഷാജി പടൂര്‍.

കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ & അഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് ആര്‍. കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, പി.ആര്‍.ഒ.: ശബരി.

Content Highlight: Turbo Movie Broke The Record In Advance Booking

We use cookies to give you the best possible experience. Learn more