Entertainment
വണ്ടി കൈയില്‍ കിട്ടിയാല്‍ അങ്ങേര്‍ക്ക് പ്രാന്താണ്: ടര്‍ബോ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 27, 03:41 pm
Monday, 27th May 2024, 9:11 pm

തിയേറ്ററുകള്‍ ഇളക്കിമറിച്ചുകൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി ചിത്രം ടര്‍ബോ. റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ 50 കോടിക്കടുത്ത് ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ചെയ്‌സിങ് രംഗങ്ങളും തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റി.

ഇപ്പോഴിതാ, ചിത്രത്തിലെ ചെയ്‌സിങ് രംഗങ്ങളുടെ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒറ്റ ടേക്കില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയാണ് വീഡിയോയില്‍ ഉള്ളത്. 72ാം വയസിലും ഇത്തരം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്ന മമ്മൂട്ടിയുടെ ഡെഡിക്കേഷനെപ്പറ്റിയും കാറുകളോടും ഡ്രൈവിങ്ങിനോടും താരത്തിനുള്ള ക്രെയ്‌സിനെപ്പറ്റിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

മലയാള സിനിമ ഇന്നേവരെ കാണാത്ത തരത്തിലുള്ള തീപ്പൊരി ചെയ്‌സിങ് സീനുകളാണ് ചിത്രത്തിലുള്ളത്. വന്‍ ബജറ്റില്‍ ഏകദേശം 16 ദിവസം കൊണ്ടാണ് പത്ത് മിനിറ്റ് ദൈര്‍ഖ്യമുള്ള ചെയ്‌സിങ് സീനുകള്‍ ചിത്രീകരിച്ചത്. ചെയ്‌സിങ് സീനുകള്‍ക്കൊപ്പം ക്രിസ്റ്റോ സേവിയറിന്റെ സംഗീതം കൂടി ചേര്‍ന്നപ്പോള്‍ കിട്ടിയത് മികച്ച തിയേറ്റര്‍ എക്‌സപീരിയന്‍സായി മാറി.

മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ. കന്നഡ താരം രാജ്.ബി. ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കര്‍, ശബരീഷ് വര്‍മ, ദിലീഷ് പോത്തന്‍, തെലുങ്ക് താരം സുനില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Content Highlight: Turbo chasing scene making video viral in social media