മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിയ മാസ്സ്ആക്ഷന്‍ കോമഡി ചിത്രം ‘ടര്‍ബോ’ ആദ്യ ദിവസം മുതല്‍ സൗദിയില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴിതാ സൗദിയില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡ് ടര്‍ബോ സ്വന്തമാക്കി. വെറും 8 ദിവസം കൊണ്ടാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ ടര്‍ബോ പിന്നിലാക്കിയത്. സൗദിയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടര്‍ബോയുടെ കുതിപ്പ് തുടരുകയാണ്.
കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 30 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്ചയിലെ കുതിപ്പ് രണ്ടാം ആഴ്ചയിലും തുടരാന്‍ ടര്‍ബോയ്ക്ക് സാധിച്ചു. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കിയിരുന്നു. യു.എ.ഇ ബോക്‌സ് ഓഫീസില്‍ വാര്‍ണര്‍ ബ്രദേഴ്സ് ചിത്രം ഫ്യുരിയോസ അടക്കം മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്.
ആദ്യ ദിവസം മുതല്‍ ചിത്രം റെക്കോര്‍ഡുകള്‍ തീര്‍ക്കുകയായിരുന്നു. ബ്രിട്ടനില്‍ മമ്മൂട്ടിയുടെ ഏറ്റവും ഉയര്‍ന്ന ആദ്യ ആഴ്ച കളക്ഷനാണ് ടര്‍ബോയിലൂടെ നേടിയത്. 1 കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്ച ബ്രിട്ടനില്‍ നിന്ന് സ്വന്തമാക്കിയത്. ഓസ്ട്രേലിയയിലും ടര്‍ബോ റെക്കോര്‍ഡുകള്‍ തീര്‍ക്കുന്നു. മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ആഴ്ച കളക്ഷനും ടര്‍ബോയ്ക്ക് സ്വന്തം. 84 ലക്ഷം രൂപയാണ് ഓസ്ട്രേലിയയില്‍ ആദ്യ ആഴ്ച പിന്നിടുമ്പോള്‍ ചിത്രം നേടിയിരിക്കുന്നത്.
ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ഇതോടെ ടര്‍ബോ സ്വന്തമാക്കിയിരിക്കുന്നത്. ഒരാഴ്ച പിന്നിടുമ്പോഴും എക്സ്ട്രാ ഷോകള്‍ കൊണ്ട് ടര്‍ബോ നിറയുകയാണ്. രണ്ടാം ആഴ്ചയിലും ആ കുതിപ്പ് തുടരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
Content highlight: Turbo becomes the Highest grossing Malayalam movie in Saudi Arabia