| Friday, 9th February 2024, 11:54 am

അന്ന് 777 കോടിയുടെ തുരങ്കം പ്രധാനമന്ത്രി തുറന്നുനൽകി; ഇന്ന് പൂർണമായും മാറ്റിപ്പണിയണമെന്ന് അധികൃതർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നിർമാണം പൂർത്തീകരിക്കുന്നതിലെ കാലതാമസവും അറ്റകുറ്റപ്പണികളിലെ അലംഭാവവും കാരണം പൂർണമായി നശിച്ച് ദൽഹിയിലെ പ്രഗതി മൈദാൻ തുരങ്കം.

സ്വപ്ന പദ്ധതിയായിരുന്ന തുരങ്കത്തിന്റെ നിർമാണത്തിന് 777 കോടി രൂപയാണ് ചെലവഴിച്ചത്. 2022 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുരങ്കം ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രി തുരങ്കത്തിന്റെ ഉദ്‌ഘാടന വേളയിൽ

അറ്റകുറ്റപ്പണി നടത്തുക ഇനി അസാധ്യമാണെന്നും ആദ്യം മുതൽ പുതുക്കിപ്പണിയണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

സെൻട്രൽ ദൽഹിയെ നോയിഡയും ഗാസിയാബാദുമായി ബന്ധിപ്പിക്കുന്ന പ്രഗതി മൈദാൻ ഇന്റഗ്രേറ്റഡ് ട്രാൻസിറ്റ് കൊറിഡർ പദ്ധതിയുടെ ഭാഗമായാണ് അഞ്ച് അണ്ടർ പാസുകളോട് കൂടി 13 കി.മീ നീളമുള്ള തുരങ്കം നിർമിച്ചിരുന്നത്.

കഴിഞ്ഞ വർഷം മഴക്കെടുതിയിൽ വെള്ളം കയറിയതിനെ തുടർന്ന് നിരവധി തവണ തുരങ്കം അടച്ചിട്ടിരുന്നു.

തുരങ്കം മഴക്കെടുതിയിൽ വെള്ളം കയറിയതിനെ തുടർന്ന്

ഇടത്തരം മുതൽ ശക്തമായ മഴ ലഭിക്കുമ്പോഴെല്ലാം തുരങ്കത്തിൽ വെള്ളം കയറുകയാണെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പറയുന്നു.

തെറ്റായ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്തി അറ്റകുറ്റപ്പണി നടത്തുവാൻ ഫെബ്രുവരി മൂന്നിന് പി.ഡബ്ല്യു.ഡി കോൺട്രാക്ടർമാരായ ലാർസെൻ ആൻഡ് ടൂബ്രോക്ക് നോട്ടീസ് നൽകിയിരുന്നു.

സമയത്തിന് പണി പൂർത്തീകരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് നോട്ടീസിൽ പറയുന്നു. 2017ൽ ടെൻഡർ നൽകിയ പദ്ധതി 2019ൽ പൂർത്തീകരിക്കുവാനാണ് ഉദ്ദേശിച്ചത്. എന്നാൽ 2022ൽ മാത്രമാണ് ഉദ്ഘാടനം നടത്താൻ സാധിച്ചത്.

100 വർഷം കാലാവധിയുള്ള ഡിസൈൻ ഉറപ്പ് നൽകിയ കമ്പനിക്കെതിരെ ക്രിമിനൽ, സിവിൽ നിയമങ്ങൾ പ്രകാരം നടപടിയെടുക്കണമെന്നും പി.ഡബ്ല്യു.ഡി പറഞ്ഞു.

Content Highlight: tunnel worth 777 crores inaugurated by PM now needs total overhaul

We use cookies to give you the best possible experience. Learn more