പരീക്ഷ ഹാളിൽ നിന്ന് ഫലസ്തീൻ കെഫിയയും ചിഹ്നങ്ങളും നിരോധിച്ച് ടുണീഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം
Worldnews
പരീക്ഷ ഹാളിൽ നിന്ന് ഫലസ്തീൻ കെഫിയയും ചിഹ്നങ്ങളും നിരോധിച്ച് ടുണീഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 4:29 pm

ടുണിസ്: പരീക്ഷ ഹാളിൽ നിന്ന് ഫലസ്തീൻ കെഫിയയും ചിഹ്നങ്ങളും നിരോധിച്ച് ടുണീഷ്യൻ വിദ്യഭ്യാസ മന്ത്രാലയം. വിദ്യാർത്ഥികൾ ഫലസ്തീൻ സ്കാർഫ് ആയ ‘കെഫിയ’ ധരിക്കുന്നതും മറ്റേതെങ്കിലും ഫലസ്തീൻ ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും അവരുടെ സ്വഭാവത്തെ ബാധിക്കുമെന്ന് ആരോപിച്ചാണ് മന്ത്രാലയത്തിന്റെ നീക്കം.

വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിനായി ഇത്തരം നയങ്ങൾ ആവശ്യമാണെന്നും ഇത് തെറ്റിക്കുന്നവർക്കെതിരെ പിഴ ഈടാക്കാൻ മടിക്കില്ലെന്നും ടുണീഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.

‘വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്ന ഒന്നും തന്നെ വിദ്യാലയങ്ങളിൽ അനുവദനീയമല്ല. വിദ്യാലയത്തിൽ ഫലസ്തീൻ സ്കാർഫ് ധരിക്കുന്നതോ ഫലസ്തീൻ അനുകൂല ചിഹ്നങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കുന്നതോ അനുവദനീയമല്ല. ഇത് തെറ്റിക്കുന്ന വിദ്യാർത്ഥികൾക്ക് പിഴ ഈടാക്കുന്നതായിരിക്കും,’ ടുണീഷ്യൻ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.

ഇത്തരം നയം നിലനിൽക്കുന്നുണ്ടെങ്കിലും ഇസ്രഈൽ-ഫലസ്തീൻ വിഷയത്തിൽ തങ്ങൾ ഫലസ്തീനെ അനുകൂലിക്കുന്നുവെന്നും ടുണീഷ്യൻ സർക്കാർ പറഞ്ഞു.

ഇതാദ്യമായല്ല ഫലസ്തീൻ ചിഹ്നങ്ങൾ രാജ്യങ്ങളോ സംഘടനകളോ വിലക്കുന്നത്. കഴിഞ്ഞ മാസം സ്വീഡനിലെ മാൽമോയിൽ നടന്ന യൂറോ വിഷൻ ഗാനമത്സരത്തിൽ നിന്ന് ഫലസ്തീൻ പതാകകളും അനുകൂല ചിഹ്നങ്ങളും യൂറോപ്യൻ ബ്രോഡ്കാസറ്റ് യൂണിയൻ നിരോധിച്ചിരുന്നു. എന്നാൽ അന്ന് ഇസ്രഈൽ പതാക നീക്കം ചെയ്തിരുന്നില്ല. ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

ആറ് മാസം മുൻപ് ഗസക്ക് വേണ്ടി മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിൽ പ്രാർത്ഥിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്ത തീർത്ഥാടകരെ സൗദി അറേബ്യ തടവിലാക്കിയിരുന്നു.

ഫലസ്തീൻ സ്കാർഫ് ആയ കെഫിയ ധരിച്ചതിന്റെ പേരിൽ മക്കയിൽ കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനെത്തിയ ഒരു ബ്രിട്ടീഷ് നടനും അവതാരകനുമായ ഇസ്‌ലാഹ് അബ്ദുറഹ്‌മാനെ തടഞ്ഞു വെച്ചിരുന്നു.

 

 

Content Highlight: Tunisians education ministry bans Palestinian scarf