ട്യൂണിസ്: പ്രസിഡന്റിനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതിപക്ഷ നേതാവായ ചൈമ ഇസയ്ക്ക് ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ തടവുശിക്ഷക്ക് വിധിച്ച് ടുണീഷ്യന്‍ സൈനിക കോടതി.
സര്‍ക്കാരിന്റെ ഉത്തരവുകള്‍ അനുസരിക്കാതിരിക്കാന്‍ സൈനികരെ പ്രേരിപ്പിച്ചതിനും പ്രസിഡന്റ് കൈസ് സെയ്ദിനെ അപമാനിച്ചതിനും ചൈമ ഇസയെ സൈനിക കോടതി ശിക്ഷിച്ചതായി അഭിഭാഷകന്‍ ഇസ്ലിം ഹംസ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവായ ഇസ തനിക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍ നിഷേധിച്ചു.
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് തടവിലാക്കിയ 20 രാഷ്ട്രീയ നേതാക്കളില്‍ ചൈമ ഇസയും ഉള്‍പ്പെടുന്നു. വിചാരണ പൂര്‍ത്തിയാക്കി അഞ്ച് മാസങ്ങള്‍ക്ക് ശേഷം ചൈമയെ കോടതി വിട്ടയച്ചു. എന്നാല്‍ അതിനുപിന്നാലെയാണ് പുതിയ കുറ്റങ്ങളും ഇസക്കെതിരെ ചുമത്തപ്പെട്ടത്. സെയ്ദ് പ്രതിപക്ഷത്ത് ഉള്ളവരെ കുറ്റവാളികളെ പോലെയാണ് കാണുന്നതെന്ന് നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ട് സഖ്യത്തിലെ അംഗം കൂടിയായ ഇസ കോടതിയിലെ വാദത്തിനിടയില്‍ പറയുകയുണ്ടായി.
2022ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഉപയോഗശൂന്യമായിരുന്നെന്നും തെരഞ്ഞെടുപ്പ് നടപടികളില്‍ പ്രസിഡന്റ് കൈസ് സെയ്ദ് സ്വേച്ഛാധിപത്യം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ഇസ ആരോപിച്ചതായി സൈനിക കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ ചില വിഷയങ്ങളില്‍ സൈന്യത്തോട് ഇടപെടരുതെന്നും ചൈമ ഇസ ആവശ്യപ്പെട്ടതായും കോടതി കൂട്ടിച്ചേര്‍ത്തു.
2019 ഒക്ടോബറില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കൈസ് സെയ്ദ്, 2021 ജൂലൈയില്‍ രാജ്യത്തെ അധികാരം പിടിച്ചെടുക്കാന്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അധികാരത്തിലേറിയ ശേഷം മുന്‍ മന്ത്രിസഭയെയും പ്രധാനമന്ത്രിയെയും സെയ്ദ് പുറത്താക്കുകയും സ്വയം സംരക്ഷണത്തിനായി അടിയന്തര അധികാരങ്ങള്‍ നിര്‍മിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിനെ അടിച്ചമര്‍ത്താനും പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനും ഒരു പുതിയ ഭരണഘടനയിലൂടെ സെയ്ദ് ഭരണം മുന്നോട്ടുകൊണ്ട് പോയെന്നും മാധ്യമങ്ങള്‍ പറയുന്നു. നിലവില്‍ തടവിലാക്കപ്പെട്ട മുന്‍ പാര്‍ലമെന്റ് സ്പീക്കറും എന്നഹ്ദ പാര്‍ട്ടിയുടെ നേതാവുമായ റാചെദ് ഗന്നൂച്ചി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് രാജ്യത്തെ അവകാശ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിയമനടപടികളില്‍ ‘ഞങ്ങള്‍ കുറ്റവാളികളല്ല, ഞങ്ങള്‍ ഗൂഢാലോചനക്കാരല്ല, ഞങ്ങള്‍ രാജ്യദ്രോഹികളല്ല, ഞങ്ങള്‍ രാഷ്ട്രീയക്കാരാണ്, ഞങ്ങള്‍ 2021 ജൂലൈ 25ലെ രാഷ്ട്രീയ അട്ടിമറിയുടെ എതിരാളികളാണ്,’ എന്ന് സസ്പെന്‍ഷന്‍ തടവുശിക്ഷക്ക് വിധിക്കപെട്ട പ്രതിപക്ഷ നേതാവായ ചൈമ ഇസ പറഞ്ഞു.
Content Highlight: Tunisian military court sentences opposition leader to one year in prison