ഇസ്രഈലികളുമായുള്ള ബന്ധം ക്രിമിനൽ കുറ്റം; പാർലമെന്റിൽ നിയമം പാസാക്കാൻ ടുണീഷ്യ
World News
ഇസ്രഈലികളുമായുള്ള ബന്ധം ക്രിമിനൽ കുറ്റം; പാർലമെന്റിൽ നിയമം പാസാക്കാൻ ടുണീഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd November 2023, 9:07 pm

ടുണീസ്: ഇസ്രഈലുമായുള്ള ബന്ധത്തെ സ്വാഭാവികവത്കരിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ബിൽ ചർച്ചയാക്കി ടുണീഷ്യൻ പാർലമെന്റ്.

സയണിസ്റ്റ് രാഷ്ട്രത്തെ അംഗീകരിക്കുന്നതും അവരുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധങ്ങൾ സ്ഥാപിക്കുന്നതാണ് സ്വാഭാവികവത്കരണത്തിന്റെ പരിധിയിൽ പെടുത്തുന്നത്.

ഇതിനെ രാജ്യദ്രോഹ കുറ്റമായി കണക്കാക്കാനാണ് ടുണീഷ്യൻ പാർലമെന്റ് ഉദ്ദേശിക്കുന്നത്.

‘സ്വാഭാവികവത്കരണ കുറ്റത്തിൽ’ ഏർപ്പെടുന്നവർക്ക് ആറ് മുതൽ പത്ത് വർഷം വരെ തടവും 10,000 മുതൽ 1,00,000 ദിനാർ (3,155 – 31,553 ഡോളർ) വരെ പിഴയും ലഭിക്കും കുറ്റം ആവർത്തിക്കുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം.

ഇതോടൊപ്പം ഇസ്രഈലികളുമായി ടുണീഷ്യൻ പൗരന്മാർ ഏത് വിധത്തിലും ഇടപഴകുന്നതും ബില്ലിൽ വിലക്കുന്നുണ്ട്. ഇസ്രഈലി മണ്ണിൽ രാഷ്ട്രീയ, സാമ്പത്തിക, ശാസ്ത്ര, സാംസ്‌കാരിക, കലാ-കായിക വേദികളിൽ യോഗങ്ങളിലും പരിപാടികളിലും മത്സരങ്ങളിലും പങ്കെടുക്കാൻ പാടില്ലെന്നാണ് ബിൽ നിഷ്കർഷിക്കുന്നത്.

ഇസ്രഈലികളുമായുള്ള ബന്ധം വിലക്കുന്ന നിയമ ബില്ലിന് പാർലമെന്റിലും പൊതുജനങ്ങൾക്കിടയിലും പൂർണ പിന്തുണയാണ് ലഭിക്കുന്നതെന്ന് എം.പിമാർ അറിയിച്ചു.

‘നദി മുതൽ കടൽ വരെ ഫലസ്തീൻ സ്വതന്ത്രമാകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പുണ്യ ജെറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കണം,’ ടുണീഷ്യൻ പാർലമെന്ററി സ്പീക്കർ ബ്രാഹിം ബൂദർബല പറഞ്ഞു.

പ്രസിഡന്റ് കൈസ് സയീദിനെ പിന്തുണക്കുന്ന എം.പിമാരാണ് ഒക്ടോബർ അവസാന വാരം കരട് ബില്ലിന് രൂപം നൽകിയത്.

2019ൽ അധികാരത്തിലെത്തിയ സയീദ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത് മുതൽ ഫലസ്തീനികളുടെ അവകാശത്തിന് വേണ്ടി സംസാരിക്കുന്ന വ്യക്തിയാണ്. ഫലസ്തീൻ ജനതക്കൊപ്പം നിൽക്കേണ്ടത് ടുണീഷ്യയുടെ കടമയാണെന്നും ഇസ്രഈലികളുമായുള്ള ബന്ധത്തെ സ്വാഭാവികവത്കരിക്കുന്ന ആളുകൾ വഞ്ചകരാണെന്നുമാണ് പ്രസിഡന്റിന്റെ വാദം.

Content Highlight: Tunisia to criminalize Normalization of any ties with israel