സ്ത്രീകളെ കയറ്റിയില്ല; എമിറേറ്റ്‌സ് വിമാനങ്ങളെ റദ്ദാക്കി ടുണീഷ്യ
world
സ്ത്രീകളെ കയറ്റിയില്ല; എമിറേറ്റ്‌സ് വിമാനങ്ങളെ റദ്ദാക്കി ടുണീഷ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th December 2017, 12:37 pm

ട്യൂണിസ്: ടുണീഷ്യയില്‍ നിന്നുള്ളതും ടുണീഷ്യയിലേക്കുള്ളതുമായ എല്ലാ എമിറേറ്റ്‌സ് വിമാനങ്ങളേയും റദ്ദാക്കിക്കൊണ്ട് ടുണീഷ്യന്‍ ഗതാഗത മന്ത്രാലയം ഉത്തരവിറക്കി. ദുബായിലേക്കുള്ള എമിറേറ്റസ് വിമാനത്തില്‍ ടുണീഷ്യന്‍ സ്ത്രീകളെ കയറ്റാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് നടപടി.

“രാജ്യാന്തര ഉടമ്പടികള്‍ക്കും നിയമങ്ങള്‍ക്കും ചേരുന്ന രീതിയില്‍ എമിറേറ്റ്‌സ് കമ്പനി കൃത്യമായ പരിഹാരം കാണുന്നത് വരെ ടുണീഷ്യയില്‍ നിന്നുള്ളതും ടുണീഷ്യയിലേക്കുള്ളതുമായ എമിറേറ്റ്‌സ് വിമാനങ്ങള്‍ റദ്ദു ചെയ്യുകയാണ്.” ഗതാഗത മന്ത്രാലയം ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.

ടുണീഷ്യയിലെ യു.എ.ഇ അംബാസിഡറെ വിളിച്ചു വരുത്തുകയും ഗള്‍ഫ് രാജ്യത്തിലേക്കുള്ള ടുണീഷ്യന്‍ വനിതകളുടെ യാത്ര നിഷേധിക്കാനുണ്ടായ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങള്‍ കാരണമാണ് താല്‍ക്കാലികമായി യാത്ര നിഷേധിച്ചത് എന്നായിരുന്നു യു.എ.ഇ അംബാസിഡറായ സലീം സിയേബിയുടെ പ്രതികരണം. സുരക്ഷാ കാരണങ്ങളുള്ളതിനാലാണ് യാത്രകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നതെന്ന് യു.എ.ഇ വിദേശകാര്യവകുപ്പ് മന്ത്രി അനര്‍ ഗര്‍ഗാഷും നേരത്തെ പറഞ്ഞിരുന്നു.

“സാഹചര്യവശാല്‍ ഞങ്ങളുടെ ടുണീഷ്യന്‍ സഹോദരങ്ങള്‍ക്ക് പ്രത്യേകമായി സുരക്ഷാ നടപടികള്‍ ആവശ്യമാണ്.” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ഇത്തരം നടപടികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കും നയങ്ങള്‍ക്കും വിരുദ്ധമായതാണ് എന്നാണ് ടുണീഷ്യന്‍ ഗതാഗത മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞത്.