ടുണീഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദ ഓഫീസ് അടച്ചൂ പൂട്ടി സര്‍ക്കാര്‍; നടപടി പാര്‍ട്ടി നേതാവ് ഗനൂശിയുടെ അറസ്റ്റിന് പിന്നാലെ
World News
ടുണീഷ്യയിലെ പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദ ഓഫീസ് അടച്ചൂ പൂട്ടി സര്‍ക്കാര്‍; നടപടി പാര്‍ട്ടി നേതാവ് ഗനൂശിയുടെ അറസ്റ്റിന് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 8:19 am

ടുണിസ്: പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അന്നഹ്ദ ആസ്ഥാനം അടച്ചുപൂട്ടി ടുണീഷ്യന്‍ സര്‍ക്കാര്‍. പാര്‍ട്ടി നേതാവ് റാശിദ് ഗനൂശിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഓഫീസ് അടച്ചുപൂട്ടിയ നടപടിയിലേക്ക് കടന്നത്.

കഴിഞ്ഞ ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ ഓഫീസില്‍ തിരച്ചില്‍ നടത്തി മൂന്ന് ദിവസത്തേക്ക് ഓഫീസ് അടക്കുകയായിരുന്നുവെന്ന് ഗനൂശിയുടെ ഉപദേഷ്ടാവ് അഹ്‌മദ് ഗാലൂല്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ ജസീറയോട് പറഞ്ഞു.

‘ ടുണിസിലെ പാര്‍ട്ടിയുടെ പ്രധാന ആസ്ഥാനത്ത് ഒരു യൂണിറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ വന്നിരുന്നു. തുടര്‍ന്ന് ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളോടും പുറത്തിറങ്ങാന്‍ പറയുകയും അടച്ച് പൂട്ടുകയുമായിരുന്നു,’ മുതിര്‍ന്ന പാര്‍ട്ടി നേതാവ് റിയാദ് ചൈബി എ.എഫ്.പിയോട് പറഞ്ഞു.

രാജ്യത്തെ പല ഭാഗങ്ങളിലുള്ള അന്നഹ്ദ പാര്‍ട്ടി ഓഫീസുകളും അടച്ചിട്ടുണ്ടെന്നും പാര്‍ട്ടി യോഗങ്ങള്‍ നടത്തുന്നത് തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയായിരുന്നു ഗനൂശിയെ സ്വന്തം വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത ഗനൂശിയെ ചോദ്യം ചെയ്യുന്നതിന് പൊലീസ് കൊണ്ടുപോയെന്നും എന്നാല്‍ അഭിഭാഷകരെ ഹാജരാകാന്‍ അനുവദിച്ചില്ലെന്നും അന്നഹ്ദ വൈസ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാഷ്ട്രീയ ഇസ്‌ലാമിസ്റ്റുകളും ഇടതുപക്ഷക്കാരും ഉള്‍പ്പെടെ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ ശക്തികളെ ഒഴിവാക്കിയാല്‍ ടുണീഷ്യ ഒരു ആഭ്യന്തരയുദ്ധത്തെ അഭിമുഖീകരിക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഗനൂശിയുടെ അറസ്റ്റ് സംഭവിക്കുന്നത്.

ഇസ്‌ലാമിക പ്രസ്ഥാനമായി അന്നഹ്ദ 2021 ജൂലൈയില്‍ പ്രസിഡന്റ് ഖൈസ് സൈദ് ചേംബര്‍ പിരിച്ചുവിടുന്നതിന് മുമ്പ് ടുണീഷ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതല്‍ ടുണീഷ്യന്‍ അധികാരികള്‍ 20ലധികം പ്രതിപക്ഷ നേതാക്കളെയും പല പ്രമുഖ വ്യക്തികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍ മന്ത്രിമാര്‍, വ്യവസായികള്‍, തൊഴിലാളി സംഘടനാ നേതാക്കള്‍, രാജ്യത്തെ ഏറ്റവും ജനപ്രിയ റേഡിയോ സ്‌റ്റേഷനായ മൊസൈഖ് എഫ്.എം. ഉടമ നൂറുദ്ദീന്‍ ബുതര്‍ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ഇവര്‍ രാജ്യസുരക്ഷക്കെതിരെ ഗൂഢാലോചന നടത്തിയ തീവ്രവാദികളാണെന്നാണ് പ്രസിഡന്റ് സയിദിന്റെ ആരോപണം.

അതേസമയം അന്നഹ്ദ ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യമായ നാഷണല്‍ സാല്‍വേഷന്‍ ഫ്രണ്ടിലെ നേതാക്കളുടെ അറസ്റ്റില്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തേി.

‘രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ അറസ്റ്റ് പ്രതിസന്ധിയുടെ പുതിയ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. എതിരാളികളോട് ചെയ്യുന്ന അന്ധമായ പ്രതികാരമാണത്,’ എന്‍.എസ്.എഫ് നേതാവ് അഹമ്മദ് നെജീബ് ചെബ്ബി പറഞ്ഞു.

content highlight: Tunisia’s opposition party, Annahda, shut down its government office; After the arrest of party leader Ghanushi