| Thursday, 19th September 2024, 8:22 pm

ടുണീഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ത്ഥിയെ 20 മാസത്തെ തടവിന് വിധിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ട്യൂണിസ്: പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അയാച്ചി സാമ്മലിനെ ടുണീഷ്യന്‍ കോടതി 20 മാസത്തെ തടവിന് ശിക്ഷിച്ചു. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവായ സാമ്മലിനെ തന്റെ നാമനിര്‍ദേശ പത്രികയില്‍ വ്യാജ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അറസ്റ്റിന് പിന്നില്‍ പ്രസിഡന്റ് കൈസ് സെയ്ദ് ആണെന്നാണ് സാമ്മല്‍ ആരോപിക്കുന്നത്.

‘ഇന്നത്തെ വിധി രാഷ്ട്രീയ പ്രേരിതവും അന്യായവും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാമ്മലിന്റെ വിജയത്തിന് തടസമിടാനുമാണ്,’ സാമ്മലിന്റെ അഭിഭാഷകന്‍ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

എന്നാല്‍ പ്രസിഡന്റ് കൈസ് സെയ്ദിനെ അധികാരത്തില്‍ നിലനിര്‍ത്താനായി തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചതിനാലാണ് ഇയാളെ ജയിലിടച്ചതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ഒക്ടോബര്‍ ആറിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടക്കേ ആഫ്രിക്കന്‍ രാജ്യത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയിരുന്നു. പ്രസിഡന്റ് സെയ്ദിന്റെ അറിവോടുകൂടിയാണിതെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ സെയ്ദുമായി ബന്ധമുള്ളവരാണെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

അതേസമയം സാമ്മല്‍, സുബൈര്‍ മഗ്ഷൗയി എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം മാത്രമായിരുന്നു തെരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് മറ്റ് സ്ഥാനാര്‍ത്ഥികളെ സെയ്ദ് അടിച്ചമര്‍ത്തുകയാണെന്നും അധികാരത്തിനുവേണ്ടി കൃത്രിമത്വം കാണിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നിരവധി പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഇതിനുപിന്നാലെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ നിഷേധിച്ച് സെയ്ദ് രംഗത്തെത്തിയിരുന്നു.

നേരത്തെ ഫ്രീ കോണ്‍സ്റ്റിറ്റിയൂഷണല്‍ പാര്‍ട്ടിയുടെ നേതാവ് അബിര്‍ മുസിയെ പൊതുസുരക്ഷ ലംഘനമാരോപിച്ച് ജയിലിടച്ചിരുന്നു. കൂടാതെ രാഷ്ട്രീയ പ്രവര്‍ത്തകനായ ലോത്ഫി മറൈഹിയെയും 2019ല്‍ വോട്ടിങ്ങില്‍ തിരിമറി നടത്തിയെന്നാരോപിച്ച് തടവിലാക്കിയിരുന്നു. 2024 പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇരുവരും പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഇരുവരും ജയിലിലാണ്. ഇക്കാരണത്താല്‍ ഇരുവര്‍ക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന മറ്റ് നാല് പേരെയും മറ്റൊരു കോടതി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: TUNISIA PRESIDENT ELECTION; THE COURT SETENCED THE CANDIDATE FOR 20 MONTHS IN IMPRISONMENT

We use cookies to give you the best possible experience. Learn more