തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; 35,000 ക്യൂബിക്സ് വെള്ളം പുറത്തേക്ക്, അതീവജാഗ്രത
NATIONALNEWS
തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു; 35,000 ക്യൂബിക്സ് വെള്ളം പുറത്തേക്ക്, അതീവജാഗ്രത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th August 2024, 9:41 am
മുല്ലപ്പെരിയർ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ സുർക്കി ഡാം ആണ് തുംഗഭദ്ര

ബെംഗളൂരു: കർണാടകയിലെ ഹോസ്‌പേട്ടിൽ ഗേറ്റ് ചങ്ങല പൊട്ടിയതിനെ തുടർന്ന് തുംഗഭദ്ര ഡാമിന്റെ പത്തൊൻപതാം ഗേറ്റ് ഒലിച്ച് പോയി. തുടർന്ന് 35 ,000 ക്യൂബിക്സ് വെള്ളം നദിയിലേക്ക് ഒഴുക്കി വിട്ടു.

ഷിമോഗയിലെ കനത്ത മഴയെ തുടർന്ന് തുംഗഭദ്ര അണക്കെട്ടിൽ കനത്ത വെള്ളപ്പൊക്കമാണ്. അണക്കെട്ടിൽ നിന്ന് 60 ടി.എം.സി അടി വെള്ളം തുറന്ന് വിട്ടാൽ മാത്രമേ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കു എന്ന് സ്ഥലത്തെ ഉദ്യോഗസ്ഥർ പറഞ്ഞു. തുംഗഭദ്ര അണക്കെട്ടിന് ആകെ 33 ഗേറ്റുകളാണ് ഉള്ളത്.

കഴിഞ്ഞ 70 വർഷത്തിനിടെ ഇതാദ്യമായാണ് ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ഇത്രയും വലിയൊരു സംഭവം നടക്കുന്നതെന്നും അധികൃതർ പറഞ്ഞു.

ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിന് ശേഷം ഞാറാഴ്ച അണക്കെട്ടിലെ 33 ഗേറ്റുകളിൽ നിന്നും വെള്ളം തുറന്ന് വിട്ടിരിക്കുകയാണിപ്പോൾ. നിലവിൽ ഒരുലക്ഷം ക്യൂബിക്സ് വെള്ളമാണ് അണക്കെട്ടിൽ നിന്നും തുറന്ന് വിടുന്നത്. നദീതീരത്തുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടി.ബി ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ കൗത്താലം, കോസിഗി, മന്ത്രാലയം, നന്ദവാരം എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്.

 

ഡാമിലെ ഷട്ടറിന്റെ മാത്രമേ കേടുപാടുകൾ സംഭവിച്ചിട്ടുള്ളൂ എന്നും അണക്കെട്ടിന് കേടുപാടുകളൊന്നുമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രി 11 മണിയോടെ ജലസംഭരണിയിൽ വെള്ളം ഇറങ്ങിയതിനാൽ ഗേറ്റുകൾ അടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് അപകടം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. 1949ൽ നിർമിച്ച ഈ അണക്കെട്ട് ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുടെ പ്രധാന ജലസ്രോതസാണ്.

കർണാടകയിലെ തുംഗഭദ്ര നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ ജലസംഭരണി ജലസേചനം, വൈദ്യുതോൽപ്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം തുടങ്ങി വിവിധ ഉദേശങ്ങളോടെയാണ് നിർമിച്ചത്.

Content Highlight: Tungabhadra dam gate’s chain snaps causing sudden outflow of 35,000 cusec water