ഇന്ത്യന്‍ സിനിമയിലെ ദൃശ്യവിസ്മയങ്ങളിലൊന്നായി കണക്കാക്കുന്ന ചിത്രങ്ങളിലൊന്നാണ് 2018ല്‍ റിലീസായ തുമ്പാട്. അതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലത്തില്‍ മിത്തും ഹൊററും ചേര്‍ത്ത് അവതരിപ്പിച്ച തുമ്പാട് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇറങ്ങിയ സമയത്ത് തിയേറ്ററില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിയാതെ പോയ ചിത്രം ഇപ്പോഴിതാ റീ റിലീസ് ചെയ്തിരിക്കുകയാണ്.
മികച്ച പ്രതികരണമാണ് രണ്ടാം വരവില്‍ തുമ്പാടിന് ലഭിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ഇഷ്ടപ്പെട്ട മലയാളം സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സോഹം ഷാ. ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച സിനിമകളിറങ്ങുന്ന ഇന്‍ഡസ്ട്രികളിലൊന്നാണ് മലയാളമെന്ന് സോഹം ഷാ പറഞ്ഞു.
തന്നെ അത്ഭുതപ്പെടുത്തിയ സിനിമകളിലൊന്ന് കുമ്പളങ്ങി നൈറ്റ്‌സാണെന്നും സോഹം ഷാ കൂട്ടിച്ചേര്‍ത്തു. ഫഹദിന്റെ തന്നെ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, എന്നീ സിനിമകള്‍ അത്ഭുതപ്പെടുത്തിയെന്നും സൂപ്പര്‍ ഡീലക്‌സ് എന്ന തമിഴ് സിനിമയും തനിക്ക് ഇഷ്ടമായെന്നും സോഹം ഷാ പറഞ്ഞു.
ആവേശവും തനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണെന്നും സോഹം ഷാ കൂട്ടിച്ചേര്‍ത്തു. മലയാളസിനിമയുടെ ഏറ്റവും വലിയ പ്രത്യേകത സ്റ്റാറുകളെക്കാള്‍ കണ്ടന്റുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സമീപകാലത്ത് ഒരുപാട് പോസിറ്റീവ് റിവ്യൂ കേട്ട മഞ്ഞുമ്മല്‍ ബോയ്‌സും, ഭ്രമയുഗവും തനിക്ക് കാണാന്‍ സാധിച്ചില്ലെന്നും സോഹം ഷാ കൂട്ടിച്ചേര്‍ത്തു. ബീര്‍ ബൈസിപ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘മലയാളം സിനിമകള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അതില്‍ തന്നെ എടുത്തു പറയേണ്ടത് കുമ്പളങ്ങി നൈറ്റ്‌സാണ്. ഫഹദ് ഫാസിലിന്റെ സിനിമകള്‍ മറ്റ് സിനിമകള്‍ പിന്നീട് കാണാന്‍ തുടങ്ങി. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ആ സിനിമയില്‍ കള്ളനായി ഫഹദ് ജീവിക്കുകയായിരുന്നു. അതുപോലെത്തന്നെ സൂപ്പര്‍ ഡീലക്‌സിലും അയാളുടെ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നു.
മലയാളസിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാല്‍, അവരുടെ സ്റ്റാര്‍ എന്നു പറയുന്നത് കണ്ടന്റാണ്. മറ്റുള്ള ഇന്‍ഡസ്ട്രികള്‍ നടന്മാര്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ മലയാളത്തില്‍ കണ്ടന്റിനാണ് പ്രാധാന്യം. അതിന്റെ മറ്റൊരു ഉദാഹരണമാണ് അങ്കമാലി ഡയറീസ്. പക്ഷേ സമീപകാലത്ത് ഗംഭീര റിവ്യൂ ലഭിച്ച മഞ്ഞുമ്മല്‍ ബോയ്‌സ്, ഭ്രമയുഗം എന്നീ സിനിമകള്‍ കാണാന്‍ സാധിച്ചില്ല. സമയം കിട്ടുമ്പോള്‍ കാണണം,’ സോഹം ഷാ പറഞ്ഞു.
Content Highlight: Tumbbad director Sohum Shah saying that he watched many movies of Fahadh Faasil