| Tuesday, 5th April 2022, 6:20 pm

അക്കാര്യത്തില്‍ പരാജയം സംഭവിച്ചിട്ടുണ്ട്, കോളേജ് കുമാരന് മാറ്റം വേണമായിരുന്നു: തുളസി ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംനേടിയ സംവിധായകനാണ് തുളസി ദാസ്. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു പ്രത്യേകത വ്യത്യസ്തമായ പേരുകളാണ്.

മലപ്പുറം ഹാജി, മഹാനായ ജോജി, ഏഴരപ്പൊന്നാന, മിമിക്‌സ് പരേഡ്, കാസര്‍കോട് കാദര്‍ഭായ്, മിന്നാമിനുങ്ങിന് മിന്നുകെട്ട് എന്നീ ചിത്രങ്ങളെല്ലാം അവയുടെ പേര് കൊണ്ടും കൂടിയാണ് പ്രേക്ഷകരുടെ ഓര്‍മയില്‍ നില്‍ക്കുന്നത്.

എന്നാല്‍ തന്റെ ചില ചിത്രങ്ങള്‍ പരാജയപ്പെടാന്‍ ഒരു കാരണം അതിന്റെ പേരുകളായിരുന്നു എന്ന് പറയുകയാണ് തുളസി ദാസ്. ശുദ്ദമദ്ദളം, കോളേജ് കുമാരന്‍ എന്നീ ചിത്രങ്ങളുടെയൊക്കെ പേര് മാറ്റണമായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് തുളസി ദാസ് പറഞ്ഞു.

തന്റെ ചില സിനിമകള്‍ ഇപ്പോള്‍ കാണുമ്പോഴും ചില സ്ഥലങ്ങളില്‍ നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും തുളസി ദാസ് പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സിനിമകള പറ്റി പറഞ്ഞത്.

‘പരാജയപ്പെട്ട സിനിമയുമുണ്ടെനിക്ക്. ശുദ്ദമദ്ദളം വളരെ മനോഹരമായ സിനിമയായിരുന്നു. എന്റെ പല സിനിമകളും 100 ദിവസവും അതില്‍ കൂടുതലും ഓടിയതാണ്. മിന്നാമിനുങ്ങിന് മിന്നുകെട്ടൊക്കെ കഥയ്ക്കും കഥാപാത്രത്തിനും അനുസരിച്ചുളള പേരുകളായിരുന്നു. അതൊക്കെ ഞാനിട്ട പേര് തന്നെയായിരുന്നു,’ തുളസി ദാസ് പറഞ്ഞു.

‘ശുദ്ദാമദ്ദളം സെന്റിമെന്‍സ് ഉള്ള സിനിമയായിരുന്നു. അതിനാ പേരല്ലായിരുന്നു ഇടേണ്ടത്. പേരിടുന്നതില്‍ ഒരു പരാജയം എനിക്ക് സംഭവിച്ചിട്ടുണ്ട്. കോളേജ് കുമാരനിലും പേര് മാറ്റിയിരുന്നെങ്കില്‍ എന്നെനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. എല്ലാ സിനിമയിലും പൂര്‍ണത വരുത്താന്‍ പറ്റില്ലല്ലോ.

എന്റെ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോഴും ചില സ്ഥലങ്ങളില്‍ നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ തോന്നണമെന്നാണ് എന്റെ അഭിപ്രായം. ഇന്നത് എന്റെ പൂര്‍ണമായ സിനിമയെന്ന് ഞാന്‍ ഒരിക്കലും പറയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Tulsi Das says that one of the reasons why some films fail is their names

We use cookies to give you the best possible experience. Learn more