ഇത്തരം സിനിമകളെ ഗൗരവമായി ചര്‍ച്ച ചെയ്ത് അതിന് കൂടുതല്‍ കച്ചവടം നല്‍കരുത്; സര്‍ക്കാറിനെക്കുറിച്ച് ടി.ടി.വി ദിനകരന്‍
national news
ഇത്തരം സിനിമകളെ ഗൗരവമായി ചര്‍ച്ച ചെയ്ത് അതിന് കൂടുതല്‍ കച്ചവടം നല്‍കരുത്; സര്‍ക്കാറിനെക്കുറിച്ച് ടി.ടി.വി ദിനകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th November 2018, 11:44 am

ചെന്നൈ: സര്‍ക്കാര്‍ പോലെയുള്ള സിനിമകളെ ഗൗരവമായെടുക്കരുതെന്ന് അമ്മ മക്കള്‍ മുന്നേട്ട്ര കഴകം നേതാവും ആര്‍.കെ നഗര്‍ എം.എല്‍.എയുമായ ടി.ടി.വി ദിനകരന്‍. എ.ഐ.ഡി.എം.കെ സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ കടുപ്പിക്കുന്നതിനിടക്കാണ് ദിനകരന്റെ പ്രതികരണം.

“സര്‍ക്കാര്‍” ഒരു ഡോക്യുമെന്ററി അല്ല മറിച്ച് ഒരു വാണിജ്യ സിനിമയാണെന്നു ആ സിനിമയുടെ ഉദ്ദേശ്യം പണമുണ്ടാക്കലാണെന്നും ദിനകരന്‍ അടയാറില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


Also Read സുജോയ് ഘോഷിന്റെ പുതിയ നെറ്റ്ഫ്ളിക്സ് വെബ് സീരീസ് “ടൈപ്റൈറ്റര്‍”


“ഈ സിനിമ തിയ്യേറ്ററുകളില്‍ പൈസ വാങ്ങി ടിക്കെറ്റു നല്‍കിയാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതിലഭിനയിച്ചവരും പ്രതിഫലം പറ്റിയട്ടുണ്ട്. എന്തിനാണ് ഇത്തരക്കാരെ ഗൗരവമായി എടുത്ത് അവരുടെ സിനിമകള്‍ക്ക് കൂടുതല്‍ കച്ചവടം ഉണ്ടാക്കിക്കൊടുക്കുന്നത്?”- ദിനകരന്‍ ചോദിച്ചു.

വിജയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നരുക്കമാണോ ഈ ചലച്ചിത്രം എന്ന ചോദ്യത്തിന് രാഷ്ട്രീയത്തിലേക്ക് ആര്‍ക്കു വേണമെങ്കിലും കടന്നു വരാമെന്ന് ദിനകരന്‍ മറുപടി നല്‍കി. ജനങ്ങളുടെ ക്ഷേമമാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകരുടെ ലക്ഷ്യമെങ്കില്‍ പിന്നെന്തിനാണ് അവര്‍ തങ്ങളുടെ സിനിമയുടെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തമിഴ്നാട് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതിനേക്കാള്‍ കൂടുതല്‍ വിലയ്ക്ക് സിനിമയുടെ ടിക്കറ്റുകള്‍ വില്‍ക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.


Also Read സര്‍ക്കാരിലെ രാഷ്ട്രീയ വിമര്‍ശനം; സംവിധായകന്‍ എ.ആര്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം


അമ്മ (ജയലളിത) ജീവിച്ചിരിക്കുമ്പോഴാണ് അവര്‍ ഈ സിനിമ എടുത്തതെങ്കില്‍ അവര്‍ക്ക് ധൈര്യമുണ്ടെന്ന് ഞാന്‍ സമ്മതിച്ചേനെ, ജീവിച്ചിരിപ്പില്ലാത്ത നേതാക്കളെ മോശമായി ചിത്രീകരിക്കുന്നത് മാന്യതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.