| Tuesday, 16th January 2018, 8:01 am

ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാക് താലിബാനെന്ന് വെളിപ്പെടുത്തല്‍; കൊലയാളി ജീവിച്ചിരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രിയും പി.പി.പി നേതാവുമായിരുന്ന ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് പാകിസ്ഥാന്‍ താലിബാനാണെന്ന് വെളിപ്പെടുത്തല്‍. താലിബാന്‍ നേതാവായ അബു മന്‍സൂര്‍ അസിം മുഫ്തി നൂര്‍ വാലി എഴുതിയ “ഇന്‍ക്വിലാബ് മെഹ്‌സൂദ് സൗത്ത് വസീറിസ്ഥാന്‍ ഫ്രം ബ്രിട്ടിഷ് രാജ് ടു അമേരിക്കന്‍ ഇംപീരിയലിസം” എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.

സയീദ്, ഇക്രാമുള്ള എന്നീ താലിബാന്‍ അംഗങ്ങളാണ് കൃത്യം നടത്തിയതെന്നും ബേനസീറിനെതിരെ വെടിയുതിര്‍ത്ത ബിലാല്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നും പുസ്തകം പറയുന്നു. ഇതാദ്യമായാണ് ബേനസീറിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു സംഘടന രംഗത്തെത്തുന്നത്.

2007 ഡിസംബര്‍ 24-ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ അഭിസംബോധനചെയ്ത് മടങ്ങവെയാണ് ബേനസീര്‍ കൊല്ലപ്പെടുന്നത്. അമേരിക്കയുമായി ചേര്‍ന്ന് താലിബാനെതിരെ ബേനസീര്‍ നീക്കം നടത്തുമെന്ന സൂചനയെ തുടര്‍ന്നാണ് ബേനസീറിനെ കൊലപ്പെടുത്തിയത്. അമേരിക്കയുമായുള്ള സഹകരണത്തിനുള്ള ബേനസീറിന്റെ നീക്കം സംബന്ധിച്ച് പാക്ക് താലിബാന്‍ സ്ഥാപകന്‍ ബൈത്തുള്ള മെഹ്‌സൂദിന് അറിവുണ്ടായിരുന്നെന്നും പുസ്തകം പറയുന്നു.

2007 ഒക്ടോബറില്‍ കറാച്ചിയില്‍ ബേനസീറിനെതിരെ നടത്തിയ ചാവേറാക്രമണത്തിന് പിന്നിലും താലിബാനാണെന്ന് വെളിപ്പെടുത്തലുണ്ട്. 140 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ബേനസീര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more