| Sunday, 7th July 2019, 11:34 pm

റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 7.1  തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

സുലവേസി-മലുകു ദ്വീപുകള്‍ക്കിടയിലാണ് ഭൂചലനമുണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സുന്ദ സ്ട്രെയ്റ്റ് തീരപ്രദേശത്ത് ആഞ്ഞടിച്ച സുനാമിയില്‍ 168 ആളുകള്‍ മരിക്കുകയും 745 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറു കണക്കിന് വീടുകള്‍ നശിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തിരുന്നു.

ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ സൂട്ടോപോ പര്‍വോ നഗ്‌റൂയോയാണ് സുനാമി ഉണ്ടായതായി മാധ്യമങ്ങളെ അറിയിച്ചത്. ടൂറിസം മേഖലയിലാണ് സുനാമി ഉണ്ടായത്.

അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമെന്ന് ഇന്തോനേഷ്യയിലെ ജിയോളജിക്കല്‍ ഏജന്‍സിയുടെ കണ്ടെത്തല്‍.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്തോനേഷ്യയില്‍ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ എണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു. ബറോറോ, പെറ്റബോ എന്നീ നഗരങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ 2000 ആളുകളാണ് മരണപ്പെട്ടത്. ഒക്ടോബറില്‍ ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തര സുമാത്രയില്‍ ഇരുപതു ആളുകള്‍ മരണപ്പെട്ടിരുന്നു.

2004 ഡിസംബര്‍ 24ന് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 120,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിമൂന്ന് രാജ്യങ്ങളിലായി ആഞ്ഞടിച്ച സുനാമിയില്‍ 226,000 പേരാണ് 2004ല്‍ കൊല്ലപ്പെട്ടത്.

We use cookies to give you the best possible experience. Learn more