ഇന്തോനേഷ്യയില്‍ സുനാമിയില്‍ 43 മരണം, 582 പേര്‍ക്ക് പരിക്കേറ്റു
World News
ഇന്തോനേഷ്യയില്‍ സുനാമിയില്‍ 43 മരണം, 582 പേര്‍ക്ക് പരിക്കേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd December 2018, 8:35 am

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാന്‍ഡെഗ്ലാംഗ്, സെറാങ്, സൗത്ത് ലാംപുങ് ദ്വീപുകളില്‍ ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ സുനാമിയില്‍ 43 പേര്‍ മരണപ്പെട്ടു. 582 പേര്‍ക്ക് പരിക്കേറ്റു. 65 അടിക്ക് മുകളിലാണ് തിരകള്‍ അടിച്ചത്.

ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ സൂട്ടോപോ പര്‍വോ നഗ്‌റൂയോയാണ് സുനാമി ഉണ്ടായതായി മാധ്യമങ്ങളെ അറിയിച്ചത്. 430 വീടും ഒന്‍പത് ഹോട്ടലുകളും തകര്‍ന്നതായും രണ്ട് പേരെ കാണാതായതായി അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലാണ് സുനാമി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.


അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമെന്ന് ഇന്തോനേഷ്യയിലെ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. പ്രദേശിക സമയം 9.03നായിരുന്നു സുനാമി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്തോനേഷ്യയില്‍ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ എണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു. ബറോറോ, പെറ്റബോ എന്നീ നഗരങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ 2000 ആളുകളാണ് മരണപ്പെട്ടത്. ഒക്ടോബറില്‍ ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തര സുമാത്രയില്‍ ഇരുപതു ആളുകള്‍ മരണപ്പെട്ടിരുന്നു.