ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ സുലവെസിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന ശക്തമായ സുനാമിത്തിരകള്‍ കരയിലേക്കാഞ്ഞടിക്കുന്നു. സുലവെസി ദ്വീപിലെ പാലുവിലാണ് രണ്ടു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ കരയിലേക്കെത്തിയത്. പാലു തീരത്ത് 50 സെ.മീ മുതല്‍ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ കരയിലേക്ക് അടിക്കുന്നതായി ഇന്തോനേഷ്യന്‍ ബ്യൂറോ ഓഫ് ജിയോഫിസിക്‌സ് സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വിവരമനുസരിച്ച് അഞ്ചുപേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
തീരപ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരംഭിച്ചുകഴിഞ്ഞു. യാതൊരു കാരണവശാലും തീരത്തിനടത്തുള്ള കെട്ടിടങ്ങളില്‍ അഭയം തേടരുതെന്ന കര്‍ശന മുന്നറിയിപ്പും ഔദ്യോഗിക വക്താക്കള്‍ നല്‍കുന്നുണ്ട്.
പല വീടുകളും ഒലിച്ചുപോയിട്ടുണ്ട്. ദുരന്തപ്രദേശത്തുള്ള ആളുകളുമായി ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. നെറ്റ്‌വര്‍ക്കുകകള്‍ വിഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും നാളെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഏകീകരിക്കുമെന്ന് ദുരന്തനിവാരണ അതേറിറ്റി പ്രതിനിധി സുട്ടൊപൊ പര്‍വൊ നഗ്രഹോ പറഞ്ഞു.
Indonesia geophysics agency says Sulawesi quake caused a tsunami. This video is doing the rounds. We believe it is real. pic.twitter.com/7xDzzRuj5v
— David Lipson (@davidlipson) September 28, 2018
പാലു കടല്‍തീരത്തിനടുത്തുള്ള കെട്ടിടങ്ങളും പള്ളികളും തകരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് പാലു വിമാനത്താവളം 24 മണിക്കൂര്‍ അടച്ചിടുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ജൂലൈയില്‍ ലംബോക്കിലും സുലവെസിയിലുമുണ്ടാ ഭൂകമ്പങ്ങളില്‍ അഞ്ചൂറോളം ആളുകള്‍ മരിച്ചിരുന്നു.