| Sunday, 14th July 2024, 8:08 pm

വലിയ സ്റ്റാര്‍ കാസ്റ്റുണ്ടായിട്ടും ആ സിനിമ ആവറേജായി; അന്ന് മമ്മൂക്കക്ക് മാര്‍ക്കറ്റ് ഉണ്ടായിരുന്നില്ല: ടി.എസ്. സുരേഷ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ സംവിധായകനാണ് ടി.എസ്. സുരേഷ് ബാബു. കോട്ടയം കുഞ്ഞച്ചന്‍, പ്രായിക്കര പാപ്പാന്‍, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി ഒരുപാട് ഹിറ്റുകള്‍ അദ്ദേഹം മലയാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ 40 വര്‍ഷത്തെ കരിയറില്‍ വെറും 20 സിനിമകള്‍ മാത്രമാണ് സുരേഷ് ബാബു സംവിധാനം ചെയ്തിട്ടുള്ളത്.

അദ്ദേഹത്തിന്റെ സിനിമാ കരിയറില്‍ മികച്ച സിനിമകളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍. അത്രനാള്‍ സീരിയസ് റോളുകള്‍ മാത്രം ചെയ്തു വന്ന മമ്മൂട്ടിയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. കോട്ടയം കുഞ്ഞച്ചന് മുമ്പുള്ള തന്റെ സിനിമകളെ കുറിച്ച് പറയുകയാണ് ടി.എസ്. സുരേഷ്ബാബു. വില്ലേജ് ഫോക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കോട്ടയം കുഞ്ഞച്ചന് മുമ്പ് ഞാന്‍ നാല് സിനിമകള്‍ ചെയ്തിരുന്നു. അതൊന്നും ചെറുതോ മോശം പടങ്ങളോ ആയിരുന്നില്ല. ഇതാ ഇന്നു മുതല്‍, ഒരുനാള്‍ ഇന്നൊരു നാള്‍, പൊന്നും കുടത്തിന് പൊട്ട്, ശംഖ്‌നാദം എന്നിവയായിരുന്നു ആ സിനിമകള്‍. ഇതില്‍ പൊന്നും കുടത്തിന് പൊട്ട് എന്ന സിനിമക്ക് ജഗദീഷിന്റെ കഥയില്‍ ശ്രീനിവാസനായിരുന്നു സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. അതില്‍ മുഴുവനും കോമഡിയായിരുന്നു. പിന്നെ ശങ്കറും നെടുമുടി വേണു ചേട്ടനും അടക്കമുള്ള ആളുകളാണ് അഭിനയിച്ചത്.

ശംഖ്‌നാദം എന്ന ചിത്രം മമ്മൂക്ക, രതീഷ്, സുരേഷ് ഗോപി, നളിനി ഉള്‍പ്പെടെ വലിയ സ്റ്റാര്‍ കാസ്റ്റുള്ള സിനിമയായിരുന്നു. എന്നാല്‍ ആ സിനിമ ആവറേജ് ആയിരുന്നു. കാരണം പടം വിചാരിച്ച സമയത്തേക്ക് ഷൂട്ട് ചെയ്ത് തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. അന്ന് മമ്മൂക്കക്ക് കുറച്ച് ക്ഷീണം വന്ന സമയമായിരുന്നു. അതുകൊണ്ട് എനിക്ക് അടുത്ത സിനിമ ചെയ്യാന്‍ ഒരു ഗ്യാപ് വന്നു. അന്ന് മമ്മൂക്കക്ക് മാര്‍ക്കറ്റ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞ് എനിക്ക് ഒരു സിനിമ ചെയ്യാമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ക്ഷീണകാലമായിരുന്നു അത്,’ ടി.എസ്. സുരേഷ് ബാബു പറഞ്ഞു.


Content Highlight: TS Suresh Babu Talks About Sanghunadam Movie

We use cookies to give you the best possible experience. Learn more