നന്നായി ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും മുന്നില്‍ മമ്മൂക്കയെ ഡാന്‍സ് ചെയ്യിക്കാന്‍ പേടിയായി: ടി.എസ്. സുരേഷ് ബാബു
Entertainment
നന്നായി ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും മുന്നില്‍ മമ്മൂക്കയെ ഡാന്‍സ് ചെയ്യിക്കാന്‍ പേടിയായി: ടി.എസ്. സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st June 2024, 2:30 pm

ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കിഴക്കന്‍ പത്രോസ്. ഉര്‍വശിയും മമ്മൂട്ടിയും ഒന്നിച്ച ചിത്രത്തിന് എസ്.പി. വെങ്കിടേഷാണ് സംഗീതമൊരുക്കിയത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് പ്രിയദര്‍ശനും മോഹന്‍ലാലും ഷൂട്ടിങ്ങ് കാണാന്‍ വന്നപ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ സുരേഷ് ബാബു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മമ്മൂക്കയെക്കൊണ്ട് ഒരു സിനിമയില്‍ ഡാന്‍സ് ചെയ്യിപ്പിച്ചിട്ടുണ്ട്. കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ ഉര്‍വശിയുടെ കൂടെ ഒരു ഡ്യൂവറ്റ് സോങ് ഉണ്ടായിരുന്നു. ആ പാട്ടിനായി രണ്ട് ചെറിയ സ്റ്റെപ്പിടാന്‍ പറ്റുമോയെന്ന് ഞാന്‍ അന്ന് മമ്മൂക്കയോട് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ആ സിനിമയില്‍ കൊറിയോഗ്രാഫി ചെയ്യുന്നത് മൂന്ന് പേരായിരുന്നു.

സുന്ദരം മാസ്റ്ററും രാജു സുന്ദരവും പ്രതിഭാ മാസ്റ്ററുമായിരുന്നു കൊറിയോഗ്രാഫി. മൂന്നുപേരെയും കണ്ട ഉടനെ മമ്മൂക്ക എന്നോട് ഒരു കാര്യം ചോദിച്ചു. ‘മൂന്ന് കൊറിയോഗ്രാഫര്‍മാരെ വെച്ച് ഡാന്‍സ് ചെയ്യാന്‍ ഞാന്‍ ആരാണ് കമല്‍ ഹാസനാണോ?’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നെ അതൊന്നും കുഴപ്പമില്ലെന്ന് പറഞ്ഞ് ഞാന്‍ മമ്മൂക്കയെ ഓക്കെയാക്കി.

ആ സമയത്താണ് പ്രിയദര്‍ശനും മോഹന്‍ലാലും സെറ്റിലേക്ക് വരുന്നത്. എനിക്ക് അപ്പോള്‍ ആകെ ടെന്‍ഷനായി. കാരണം നന്നായി ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലിന്റെയും പാട്ടുകളൊക്കെ മനോഹരമായി ഷൂട്ട് ചെയ്യുന്ന പ്രിയദര്‍ശന്റെയും മുന്നില്‍ മമ്മൂക്കയെക്കൊണ്ട് ഡാന്‍സ് ചെയ്യിക്കാന്‍ എനിക്ക് പേടിയായി. അവര്‍ പോകുന്നതുവരെ ഉര്‍വശിയുടെ പോഷന്‍ മാത്രമേ ഞാന്‍ എടുത്തുള്ളൂ,’ ടി.എസ്. സുരേഷ് ബാബു പറഞ്ഞു.


Content Highlight: TS Suresh Babu Talks About Kizhakkan Pathrose Movie