അന്ന് അദ്ദേഹത്തോട് കഴിഞ്ഞ പടത്തില്‍ കൊടുത്തതിന്റെ പകുതി പൈസയാണ് മമ്മൂക്ക ആവശ്യപ്പെട്ടത്: ടി.എസ്. സുരേഷ് ബാബു
Entertainment
അന്ന് അദ്ദേഹത്തോട് കഴിഞ്ഞ പടത്തില്‍ കൊടുത്തതിന്റെ പകുതി പൈസയാണ് മമ്മൂക്ക ആവശ്യപ്പെട്ടത്: ടി.എസ്. സുരേഷ് ബാബു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th July 2024, 9:35 pm

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു മമ്മൂട്ടി ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ ടി.എസ്. സുരേഷ് ബാബുവാണ് ഈ ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ സിനിമാ കരിയറില്‍ മികച്ച സിനിമകളില്‍ ഒന്നാണ് കോട്ടയം കുഞ്ഞച്ചന്‍.

അത്രനാള്‍ സീരിയസ് റോളുകള്‍ മാത്രം ചെയ്തു വന്ന മമ്മൂട്ടിയെ പുതിയ രൂപത്തില്‍ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. ഈ സിനിമക്കായി പ്രൊഡ്യൂസര്‍ എം. മണിയെ (ആരോമ മണി) കാണാന്‍ പോയതിനെ കുറിച്ച് പറയുകയാണ് ടി.എസ്. സുരേഷ് ബാബു. വില്ലേജ് ഫോക്സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കോട്ടയം കുഞ്ഞച്ചന്റെ കാര്യം സംസാരിക്കാന്‍ മണി സാറിന്റെ അടുത്ത് പോയി. ഒരു പ്രോജക്റ്റ് ഓക്കെയായിട്ടുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആരാണ് ഹീറോയെന്ന് ചോദിച്ചതും മമ്മൂട്ടിയാണെന്ന് ഞാന്‍ മറുപടി നല്‍കി. സ്‌ക്രിപ്റ്റ് റൈറ്റര്‍ ആരാണെന്ന് ചോദിച്ചതും ഡെന്നീസ് ജോസഫാണെന്ന് ഞാന്‍ പറഞ്ഞു. അത് കേട്ടതും മണി സാര്‍ ചിരിച്ചു. അന്ന് മമ്മൂക്ക സി.ബി.ഐ ഡയറിക്കുറിപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു.

അദ്ദേഹം ‘മമ്മൂട്ടിയെ ഞാന്‍ ഈയിടെ വിളിച്ചപ്പോള്‍ രണ്ട് വര്‍ഷം ഡേറ്റ് ഇല്ലെന്നാണ് പറഞ്ഞത്. എന്റെ ആ പ്രൊജക്റ്റിന് വേണ്ടി ഞാന്‍ ഇപ്പോള്‍ വേറെ ആളെ നോക്കി കൊണ്ടിരിക്കുകയാണ്. ഡെന്നീസ് ജോസഫിന് ഞാന്‍ രണ്ട് തവണ അഡ്വാന്‍സ് കൊടുത്തിരുന്നു. അവന്‍ രണ്ടു തവണയും അത് വീട്ടിലേക്ക് കൊടുത്തയച്ചു. എന്റെ അഡ്വാന്‍സേ അവന്‍ വാങ്ങിയിട്ടില്ല.

മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുകയുമില്ല, ഡെന്നീസ് സ്‌ക്രിപ്റ്റ് എഴുതുകയുമില്ല. അങ്ങനെ ഡെന്നീസ് ജോസഫ് എഴുതിയാല്‍ ഞാന്‍ ഇപ്പോള്‍ ആ പടം കമ്മിറ്റ് ചെയ്യും’ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ വെച്ച് തന്നെ മമ്മൂക്കയെ വിളിച്ചു. മണി സാറിന്റെ അടുത്തിരിക്കുകയാണ് എന്ന് മമ്മൂക്കയോട് പറഞ്ഞതും സാറിന് ഫോണ്‍ കൊടുക്കാനാണ് അദ്ദേഹം പറഞ്ഞത്.

‘മണി സാറേ, ഈ പടത്തില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ഇതിനായി മുപ്പത് ദിവസത്തെ ഡേറ്റ് ഞാന്‍ ബാബുവിന് കൊടുത്തിട്ടുണ്ട്. ഈ സിനിമ കണ്‍ഫോമാണ്. ഡെന്നീസും ബാബുവും എന്ന് ഓക്കെ പറയുന്നോ അതിന്റെ പിറ്റേന്ന് ഞാന്‍ ക്യാമറയുടെ മുന്നില്‍ ഉണ്ടാകും’ എന്ന് മമ്മൂക്ക മണി സാറിനോട് പറഞ്ഞു. മണി സാറിന്റെ കൂടെ മമ്മൂക്ക തൊട്ടുമുമ്പ് ജാഗ്രത എന്ന സിനിമ ചെയ്തിരുന്നു.

‘കഴിഞ്ഞ പടത്തില്‍ തന്നതിന്റെ പകുതി പൈസ തന്നാല്‍ മതി. പക്ഷെ വിത്ത് ഔട്ട് കോമ്പ്രമൈസ് അയാള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കണം’ എന്നും മമ്മൂക്ക സാറിനോട് പറഞ്ഞു. അവിടെ വെച്ച് തന്നെ ഡെന്നീസിനെയും വിളിച്ച് സംസാരിച്ചു. അങ്ങനെയാണ് ആ സിനിമ സംഭവിക്കുന്നത്,’ ടി.എസ്. സുരേഷ് ബാബു പറഞ്ഞു.


Content Highlight: TS Suresh Babu Talks About Aroma Mani And Mammootty