| Tuesday, 3rd March 2020, 10:59 am

'താങ്കള്‍ക്ക് ഞങ്ങള്‍ ഇന്റര്‍നാഷണല്‍ റോമിങ് പാക്കേജുകള്‍ നല്‍കാം'; മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോ.

വിദേശത്തിരുന്ന് ട്വീറ്റുകള്‍ ചെയ്യാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ” ഇന്റര്‍നാഷണല്‍ റോമിങ് പാക്കേജുകള്‍” അനുവദിക്കാമെന്നായിരുന്നു ബാബുല്‍ സുപ്രീയോയുടെ പരിഹാസം. രാഹുല്‍ ഗാന്ധിയുടെ വിദേശപര്യടനത്തെ കൂടി സൂചിപ്പിച്ചുകൊണ്ടായിരുന്നു കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

” താങ്കള്‍ വിദേശത്ത് ചിലവഴിക്കുന്ന സമയങ്ങളില്‍ ചെയ്യുന്ന ട്വീറ്റുകള്‍ക്കായി ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് നാല് മടങ്ങ് അധികം തുകയാണ് ചില കമ്പനികള്‍ ഈടാക്കുക. എന്നാല്‍ ഇവിടെ 10-15 ദിവസത്തേക്കുള്ള ഇന്റര്‍നാഷണല്‍ റോമിങ് പാക്കുകള്‍ ലഭ്യമാണ്. താങ്കളുടെ അടുത്ത ട്രിപ്പില്‍ ഉപകാരപ്പെടും. ഇന്ത്യയില്‍ തങ്ങുന്ന ചുരുങ്ങിയ ദിവസത്തില്‍ താങ്കള്‍ക്ക് സാധാരണ ഡാറ്റാ പാക്ക് ഉപയോഗിക്കുകയും ചെയ്യാം”എന്നായിരുന്നു ബാബുല്‍ സുപ്രിയോ ട്വിറ്ററില്‍ കുറിച്ചത്.

ദല്‍ഹി കലാപത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി കാര്യമായി ഇടപെടല്‍ നടത്താനോ ബി.ജെ.പിയെ പേരെടുത്ത് വിമര്‍ശിക്കാനോ തയ്യാറാകാതിരുന്ന രാഹുല്‍ ഗാന്ധിയുടെ നടപടിക്ക് എതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നീ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ തിങ്കളാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ താങ്കള്‍ ‘വെറുപ്പാണ് ഉപേക്ഷിക്കേണ്ടതെന്നും അല്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളല്ല’ എന്നുമായിരുന്നി ഇതിനോടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

” രാജ്യത്ത് ആളിക്കത്തുന്ന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള മോദിജിയുടെ അടവാണ് സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള മാറി നില്‍ക്കല്‍” എന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരിയും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more