ചെന്നൈ: കേരളത്തെ മാതൃകയാക്കി സ്‌കൂള്‍ പ്രവേശന സമയത്ത് കുട്ടികളുടെ ജാതിയുടെയും മതത്തിന്റെയും കോളങ്ങള്‍ ഒഴിച്ചിടാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് നടനും മക്കള്‍ നീതി മന്‍ട്രം പ്രസിഡന്റുമായ കമല്‍ഹാസന്‍.
ട്വിറ്ററില്‍ ആരാധകരോടും അണികളോടും സംവദിക്കുകയായിരുന്നു അദ്ദേഹം. മതവും ജാതിയുമില്ലാത്ത സമൂഹം കെട്ടിപടുക്കാന്‍ ഓരോ പൗരനും അവരുടേതായ സംഭാവന നല്‍കണമെന്നും തന്റെ രണ്ട് മക്കളുടെയും സ്‌കൂള്‍ പ്രവേശന സമയത്ത് ജാതിയും മതവും ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രക്ഷിതാക്കള്‍ ഇത്തരത്തില്‍ സമൂഹ പുരോഗതിയുടെ ഭാഗമാകണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
രജനീകാന്തുമായുള്ള രാഷ്ട്രീയ സംഖ്യത്തിനെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. രജനീകാന്തുമായുള്ള രാഷ്ട്രീയ സഖ്യമൊക്കെ പിന്നീട് സംഭവിക്കേണ്ട കാര്യമാണെന്നായിരുന്നു കമല്‍ഹാസനും രജനീകാന്തിനും ഒന്നിച്ചാല്‍ കൂടുതല്‍ വോട്ടു ശതമാനം കിട്ടില്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.
എന്നാല്‍ ഭാവിയില്‍ അത്തരമൊരു സംഖ്യത്തിന്റെ സാധ്യതകള്‍ അദ്ദേഹം തള്ളി കളയുന്നില്ല. കേരളത്തില്‍ നിന്നുള്ള ആശുപത്രി മാലിന്യങ്ങള്‍ തമിഴ്‌നാട്ടില്‍ തള്ളുന്നത് തടയാനുള്ള വഴികള്‍ കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി കമലഹാസന്‍ പറഞ്ഞു.