റീയോയില്‍ നിന്നും സ്വര്‍ണവുമായേ മടങ്ങൂ: മേരി കോം
DSport
റീയോയില്‍ നിന്നും സ്വര്‍ണവുമായേ മടങ്ങൂ: മേരി കോം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th August 2012, 8:56 am

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ ജേതാവായ ഇന്ത്യന്‍ താരം മേരി കോമിന് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രാലയം സ്വീകരണം നല്‍കി. മന്ത്രാലയത്തിന്റെ സമ്മാനമായി 10 ലക്ഷം രൂപയുടെ ചെക്ക് ആദിവാസിക്ഷേമ മന്ത്രി വി. കിഷോര്‍ചന്ദ്രദേവ് കൈമാറി. []

വരാനിരിക്കുന്ന ഒളിമ്പിക്‌സില്‍ നിന്നും സ്വര്‍ണവുമായേ തിരികെയെത്തുള്ളൂ എന്നാണ് തന്റെ പ്രസംഗത്തില്‍ മേരി കോം പറഞ്ഞത്. സെമി ഫൈനലില്‍ താന്‍ ഉദ്ദേശിച്ചിടത്ത് കാര്യങ്ങള്‍ എത്തിയില്ല. ചിലപിഴവുകള്‍ വന്നതാണ് സ്വര്‍ണമെഡല്‍ നഷ്ടപ്പെടാന്‍ കാരണമായത്. എന്തായാലും ബോക്‌സിങ് റിങ്ങില്‍ തുടരുമെന്നും മേരി പറഞ്ഞു.

സ്വീകരണത്തിന്റെ ഭാഗമായി മണിപ്പൂരിലെ കോം ഗോത്ര വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തത്തില്‍ മേരി പങ്കാളിയായി. ഭര്‍ത്താവ് ഓണ്‍ലര്‍, പിതാവ് ടോന്‍പോ കോം, അമ്മ അഖം, ഇരട്ടക്കുട്ടികളായ റെച്ചുംഗ്വര്‍, ഖുപ്‌നേയിവാറന്‍ഡ് എന്നിവര്‍ ചടങ്ങിന് എത്തി. ആദിവാസിക്ഷേമ സഹമന്ത്രി മഹാദേവ് സിങ് ഖണ്ഡേല, ആദിവാസിക്ഷേമ മന്ത്രാലയം സെക്രട്ടറി വിഭ പുരുല്‍ ദാസ്, ട്രൈഫെഡ് എം.ഡി ജിജി തോംസണ്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ലണ്ടനില്‍ മേരി കോമിന്റെ വെങ്കലവിജയത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന ഒരുപിടി താരങ്ങള്‍ മണിപ്പൂരിലുണ്ട്. ഇംഫാല്‍ ദേശീയ ഗെയിംസ് ഗ്രാമത്തിലെ മേരി കോം ബോക്‌സിങ് അക്കാദമിയില്‍ പരിശീലനം തേടി എത്തിയവരാണ് അവര്‍.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് പല താരങ്ങളും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ 20 താരങ്ങള്‍ക്കുള്ള ബോക്‌സിങ് വസ്ത്രങ്ങള്‍ നല്‍കുന്നുണ്ട്. പരിശീലനവും ഭക്ഷണവും താമസവും ഒരുക്കുന്നത് മേരിയുടെ ചുമതലയിലാണ്. തുരുമ്പെടുത്തവയെങ്കിലും മേരി നേരത്തേ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ്‌ ശാരീരിക ക്ഷമതയ്ക്കായി ഇവര്‍ ഉപയോഗിക്കുന്നത്.