| Sunday, 29th March 2015, 10:13 pm

രാജ്യത്തുടനീളം ഗോവധ നിരോധനം കൊണ്ടുവരാന്‍ കഴിവിന്റെ പരമാവതി ശ്രമിക്കുമെന്ന് രാജ്‌നാഥ് സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഭൂരിപക്ഷാഭിപ്രായത്തിലൂടെ രാജ്യത്തുടനീളം ഗോവധ നിരോധന നിയമം കൊണ്ടുവരുന്നതിന് എന്‍.ഡി.എ സര്‍ക്കാര്‍ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഞായറാഴ്ചയാണ് അദ്ദേഹം സര്‍ക്കാറിന്റെ നയം വ്യക്തമാക്കിയത്.

“ഗോവധം ഈ രാജ്യത്ത് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്ത് ഗോവധം നിരോധിക്കുന്നതിന് കഴിവിന്റെ പരമാവധി ശ്രമിക്കുകയും ഇതിന് ഭൂരിപക്ഷാഭിപ്രായം നേടുന്നതിന് കഠിനമായി പ്രയത്‌നിക്കുകയും ചെയ്യും.” അദ്ദേഹം പറഞ്ഞു. ജൈനമതക്കാരുടെ ഒരു ആത്മീയ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ഗോവധം നിരോധിക്കുമെന്നുള്ള സര്‍ക്കാറിന്റെ പ്രതിബദ്ധതയില്‍ ആര്‍ക്കും സംശയം വേണ്ടെന്നായിരുന്നു ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലെയും നിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രിയുടെ മറുപടി.

“ഗോവധം നിരോധിക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ആരും ചോദ്യം ചെയ്യേണ്ട. മഹാരാഷ്ട്ര സര്‍ക്കാറിനെപ്പോലെ മധ്യപ്രദേശ് സര്‍ക്കാറും ഗോവധം നിരോധിക്കുന്നതിന് ശക്തമായ നിയമങ്ങള്‍ കൊണ്ടുവന്നു. രാഷ്ട്രപതിയുടെ സമ്മതത്തിനായി മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഈ ബില്‍ അയച്ചുകൊടുത്ത് സമയം കളയാനുണ്ടായിരുന്നില്ല.”  രാജ്‌നാഥ് സിങ് പറഞ്ഞു. ഒരു ബില്‍ പാസാക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ അറിയുന്നതിന് പത്രം വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more