പലര്‍ക്കും കര്‍ണ്ണാടകയെന്നാല്‍ ബാംഗ്ലൂര്‍ മാത്രമാണ് , എന്നാല്‍ അങ്ങനല്ല കേട്ടോ കണ്ടാലും കണ്ടാലും മതി വരാത്തത്ര സ്ഥലങ്ങളും കാഴ്ച്ചകളും പ്രകൃതി നമുക്കായ് ഒരുക്കി വച്ചിട്ടുള്ള സ്ഥലമാണ് കര്‍ണ്ണാടക . കണ്‍കുളിര്‍ക്കെ കാണാന്‍ കാടും വന്യ മൃഗങ്ങളും കാട്ടാറും അരിച്ചിറങ്ങുന്ന മഞ്ഞും കര്‍ണ്ണാടകയിലെ പല സ്ഥലങ്ങളുടെയും പ്രത്യേകതയാണ് .
എത്രയൊക്കെ കണ്ടാലും തീരാത്ത വിസ്മയങ്ങളുമായി പരന്നുകിടക്കുന്ന നാടാണ് കര്‍ണാടക. എവിടേയ്ക്ക് പോയാലും വ്യത്യസ്തമായ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും. ചിലത് മറഞ്ഞുപോയ കാലത്തിന്റെ കഥകള്‍ പറയുമ്പോള്‍ ചിലത് പാരമ്പര്യത്തിന്റെ മഹിമയായിരിക്കും വിളിച്ചോതുന്നത്. ചിലയിടങ്ങളിലാകത്തെ ഇതെല്ലാം ഒരുമിച്ച് ആസ്വദിക്കാനും പറ്റും. അത്തരത്തിലൊരു സ്ഥലമാണ് ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂര്‍ എന്ന പ്രകൃതി രമണീയമായ സ്ഥലം.
ഒന്നു ചെന്നാല്‍ വീണ്ടും പോകണമെന്ന് ആഗ്രഹിക്കുന്നത്ര മനോഹരമാണ് ഇവിടം. അതി മനോഹരമായ പ്രകൃതിദൃശ്യങ്ങളും ക്ഷേത്രങ്ങളും നഗരവും എല്ലാമുണ്ട് ചിക്കബെല്ലാപ്പൂരില്‍. പ്രശസ്തമായ നന്ദിഹില്‍സ് ഇവിടെയാണ്. ന്യൂ ചിക്കബെല്ലാപ്പൂര്‍ ജില്ലാ കേന്ദ്രമാണ് ചിക്കബെല്ലാപൂര്‍ നഗരം. ഇത് മുമ്പ് കോലാര്‍ ജില്ലയുടെ ഭാഗമായിരുന്നു. മൈസൂര്‍ ദിവാനും പേരെടുത്ത എന്‍ജിനീയറുമായിരുന്ന ശ്രീ. വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രശസ്തമാണ് ചിക്കബെല്ലാപൂര്‍.
ചിക്കബെല്ലാപൂരിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ ഭൂഭംഗിയാണ്, പ്രശസ്തമായ ചിക്കബെല്ലാപ്പൂര്‍ താലൂക്കിലാണ് നന്ദിഹില്‍സ് സ്ഥിതിചെയ്യുന്നത്. കുന്നിന്‍മുകളിലെ യോഗനന്ദീശ്വര ക്ഷേത്രത്തില്‍ അനുദിനം നിരവധി സഞ്ചാരികളെത്തുന്നു. നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ പോയാല്‍ വിവേകാനന്ദ വെള്ളച്ചാട്ടം കാണാം. മഴക്കാലം കഴിഞ്ഞയുടനെ ഇവിടെയെത്തിയാല്‍ വെള്ളച്ചാട്ടം അതിന്റെ എല്ലാ സൗന്ദര്യത്തോടുംകൂടി ആസ്വദിക്കാം.
കൂടാതെ രംഗസ്ഥലയില്‍ വിജയനഗരസാമ്രാജ്യകാലത്ത് പണികഴിപ്പിച്ച മനോഹരമായ ശിവക്ഷേത്രമുണ്ട്. വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമായ മുദ്ദനഹള്ളിയില്‍ ഒരു മ്യൂസിയമുണ്ട്. അദ്ദേഹത്തിന്റെ വീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചിത്രവതി, ഇല്ലോഡ് ശ്രീലക്ഷ്മി ആദിനാരായണ സ്വാമി ക്ഷേത്രം, കണ്ഡവര തടാകം എന്നിവയെല്ലാമാണ് മറ്റ് ആകര്‍ഷണങ്ങള്‍.
ചിക്കബെല്ലാപൂരില്‍ കാണുന്ന കുന്നുകളില്‍ ചിലതില്‍ റോക്ക് ക്ലൈംബ്ബിങിനും മലകയറ്റത്തിനും സൗകര്യമൊരുക്കിയിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നതവര്‍ക്ക് അരക്കൈനോക്കാം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും അടുത്തുകിടക്കുന്നതിനാല്‍ത്തന്നെ ഇവിടേയ്ക്കെത്തുക എളുപ്പമാണ്. തീവണ്ടിമാര്‍ഗവും ബസിലും ഇവിടെയെത്താം.