| Friday, 21st June 2019, 2:04 pm

സഞ്ജീവ് ഭട്ടിന്റേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിത അദ്ദേഹത്തിന്റേതല്ല: തെറ്റിദ്ധരിക്കപ്പെടാന്‍ കാരണം ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയ്ക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സഞ്ജീവ് ഭട്ടിന്റേതെന്ന തരത്തില്‍ ഒരു കവിത പ്രചരിച്ചിരുന്നു. സഞ്ജീവ് ഭട്ടിന്റേതെന്നു പറഞ്ഞ് സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത
‘ എനിക്ക് തത്ത്വദീക്ഷയുണ്ട്, അധികാരമില്ല നിങ്ങള്‍ക്ക് അധികാരമുണ്ട്, തത്ത്വദീക്ഷയില്ല” എന്നു തുടങ്ങുന്ന ഈ കവിതയുടെ മലയാള പരിഭാഷയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കവിത സഞ്ജീവ് ഭട്ടിന്റേതല്ല. ബറോഡ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്ന ഭുചുങ് സോനത്തിന്റേതാണ്.  സഞ്ജീവ് ഭട്ട് 2011ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ തുറന്നകത്തില്‍ ഈ കവിത ഉദ്ധരിച്ചിരുന്നു. ഇതാണ് കവിത സഞ്ജീവ് ഭട്ടിന്റേതാണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണം.

ബുചുങ് സോനത്തിന് ക്രഡിറ്റ് നല്‍കിക്കൊണ്ടാണ് ‘ have principle and no power’ എന്നു തുടങ്ങുന്ന കവിത ഭട്ട് ഉദ്ധരിച്ചത്. ഈ കവിതയോടുകൂടിയാണ് മോദിയ്ക്കുള്ള കത്ത് അവസാനിപ്പിക്കുന്നത്.

‘ ബറോഡയിലെ എം.എസ് സര്‍വ്വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥിയായ ഭുചുംഗ് സോനം എഴുതിയ ഈ വരികള്‍ ഗുജറാത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി കുരിശുയുദ്ധം നടത്തുന്നവരുടെ ആത്മവീര്യം ഉള്‍ക്കൊള്ളുന്നതാണ്.’ എന്നു കുറിച്ചുകൊണ്ടായിരുന്നു സഞ്ജീവ് ഭട്ട് കത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയത്.

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായുള്ള ഗുര്‍ബര്‍ഗ് സൊസൈറ്റിയിലെ കൂട്ടക്കുരുതിയില്‍ നരേന്ദ്രമോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൂട്ടക്കുരിതിയില്‍ കൊല്ലപ്പെട്ട ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി നല്‍കിയ ഹരജി 2011ല്‍ സുപ്രീം കോടതി തീര്‍പ്പാക്കിയിരുന്നു. 2002ലെ കലാപവേളയില്‍ ഭരണകൂടം നോക്കിനിന്നുവെന്ന ആരോപണം സംബന്ധിച്ച് എന്തെങ്കിലും തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച കോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അഹമ്മദാബാദ് കോടതിക്ക് വിടുകയാണുണ്ടായത്. എന്നാല്‍ ഇത് നരേന്ദ്രമോദിയ്ക്ക് ക്ലീന്‍ചിറ്റ് എന്ന തരത്തില്‍ സംഘപരിവാര്‍ ആഘോഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ജീവ് ഭട്ട് മോദിയ്ക്ക് തുറന്നകത്തെഴുതിയത്.

We use cookies to give you the best possible experience. Learn more