| Tuesday, 28th March 2017, 6:08 pm

'തമിഴ് സൂപ്പര്‍ ഹീറോ സൂര്യ ഇസ്‌ലാം മതം സ്വീകരിച്ചുവോ?' വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി താരത്തിന്റെ അടുത്ത കേന്ദ്രങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ നിരന്തരമായി പലതരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചരിക്കാറുണ്ട്. സെലിബ്രിറ്റികളുടെ മതംമാറ്റ പ്രചരണം നല്ല ചൂടപ്പം പോലെ ചെലവാകുന്ന വാര്‍ത്തയാണ്. ഒരു മതവിഭാഗത്തിന്റെ വേഷവിതാനത്തോടെ പ്രത്യക്ഷപ്പെട്ട സിനിമകളിലെ ചിത്രം ഉപയോഗിച്ചാവും മിക്കവാറും പ്രചരണം.

തമിഴ് സൂപ്പര്‍താരം സൂര്യയാണ് മതംമാറ്റ വ്യാജവാര്‍ത്തയുടെ പുതിയ ഇര. എന്നാല്‍ സിങ്കം ടുവിന്റെ ചിത്രീകരണ വീഡിയോ ഉപയോഗിച്ചുള്ള വ്യാജപ്രചാരണമാണ് ഇതെന്ന് സൂര്യയുടെ പി.ആര്‍ ടീം വ്യക്തമാക്കുന്നുണ്ട്.

സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയതായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് താരത്തിന്റെ പി.ആര്‍.ഒ പറയുന്നു. അദ്ദേഹം മസ്ജിദില്‍ നില്‍ക്കുന്ന വീഡിയോ ആധാരമാക്കിയാണ് ഇത്തരമൊരു പ്രചരണം നടക്കുന്നത്. ചിലരിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിച്ചതും ഈ വീഡിയോ ആണ്. എന്നാല്‍ സിങ്കം രണ്ടാം ഭാഗം ആന്ധ്രയിലെ കടപ്പയില്‍ ചിത്രീകരിച്ചപ്പോള്‍ ചിത്രീകരിക്കപ്പെട്ടതാണ് ഈ വീഡിയോ എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.


Also Read: എല്ലാം എന്റെ പിഴയെന്ന് സ്മിത്ത്; ഓസീസ് താരങ്ങളോടുള്ള സൗഹൃദം ഇതോടെ അവസാനിച്ചെന്ന് കോഹ്‌ലി; പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിച്ച് ഇന്ത്യന്‍ നായകന്‍, വീഡിയോ കാണാം


ഏ ആര്‍ റഹ്മാന്റെ ക്ഷണപ്രകാരം സൂര്യ ലൊക്കേഷന് അടുത്തുള്ള പള്ളിയില്‍ ചെല്ലുകയുണ്ടായി. അവിടെ വച്ചുള്ള പ്രാര്‍ത്ഥനാ വേളയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സാമാന്യം പഴയ വീഡിയോ ആണിത്. സൂര്യ ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും പി.ആര്‍.ഒ പറഞ്ഞു.

നേരത്തെ, യേശുദാസ് ഹിന്ദു മതത്തില്‍ ചേര്‍ന്നെന്നും മഞ്ജു വാര്യര്‍ ഇസ്ലാമായെന്നും ജെനിലീയ ഡിസൂസ ഇസ്ലാം വിശ്വാസിയായെന്നുമൊക്കെ പല ഘട്ടങ്ങളിലായി പ്രചരിച്ചിരുന്നു. അന്തരിച്ച ബോളിവുഡ് താരം ഓം പുരിയ്‌ക്കെതിരെയും ഇത്തരത്തിലുള്ള വ്യാജ പ്രചരണമുണ്ടായിരുന്നു.

https://www.youtube.com/watch?v=18fdfLw8TxQ

We use cookies to give you the best possible experience. Learn more