'ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത'; സ്‌റ്റേജിലേക്ക് കയറാന്‍ ശ്രമിക്കുന്ന ആരാധകനെ താരം തള്ളിയിടുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഗായകന്‍ അഫ്‌സല്‍
Daily News
'ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത'; സ്‌റ്റേജിലേക്ക് കയറാന്‍ ശ്രമിക്കുന്ന ആരാധകനെ താരം തള്ളിയിടുന്ന വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഗായകന്‍ അഫ്‌സല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd May 2017, 5:51 pm

കൊച്ചി: ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായതായിരുന്നു സ്‌റ്റേജിലേക്ക് കയറാന്‍ ശ്രമിക്കുന്ന ആരാധകനെ മോഹന്‍ലാല്‍ തള്ളിയിടുന്ന വീഡിയോ. വിദേശത്ത് നടന്ന ഒരു പരിപാടിയിലായിരുന്നു സംഭവം.

അഫ്‌സലും മോഹന്‍ലാലും സ്റ്റേജില്‍ പാട്ടുപാടിക്കൊണ്ടിരിയ്‌ക്കെയാണ് ആരാധകന്‍ കയറി വന്നത്. ആരാധകനോട് മോഹന്‍ലാലിന്റെ ക്രൂരത എന്ന തരത്തിലായിരുന്നു വീഡിയോ വൈറലായത്. ഇപ്പോഴും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം ഗായകന്‍ അഫ്‌സല്‍ വെളിപ്പെടുത്തുകയാണ്.

“അന്ന് നടന്ന ആ സംഭവത്തിന് ദൃക്‌സാക്ഷിയാണ് ഞാന്‍. യുകെയില്‍ നടന്ന ഒരു സ്റ്റേജ് ഷോയിലാണ് സംഭവം. ഞാനും ലാലേട്ടനും കൂടെ ഹലോ എന്ന ചിത്രത്തിലെ പാട്ട് വേദിയില്‍ പാടിക്കൊണ്ടിരിയ്ക്കുകയാണ്. പരിപാടി ഏകദേശം അവസാനമെത്തിയിരുന്നു. തുടക്കം മുതല്‍ അയാള്‍ എല്ലാവരെയും ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഒരുപാട് പേര്‍ നമ്മുടെ പരിപാടികളൊക്കെ ആസ്വദിച്ചുകൊണ്ടിരിയക്കെ, ഒരാള്‍ മാത്രം മദ്യപിച്ച് അലമ്പുണ്ടാക്കുന്നു. എല്ലാ പരിപാടികള്‍ക്കും കമന്റ് പറയുന്നു. വല്ലാത്ത അലോസരതയായിരുന്നു അത്.” അഫ്‌സല്‍ പറയുന്നു.

അവിടെയുള്ള ഏതൊരാളും അപ്പോള്‍ അയാള്‍ക്കൊന്ന് പൊട്ടിക്കാന്‍ ആഗ്രഹിച്ചു പോയി കാണും. സ്റ്റേജില്‍ നിന്ന് ഇറങ്ങിയിട്ട് അയാളെ ഒന്ന് കാണണം എന്ന് താനും കരുതിയിരുന്നുവെന്നും ഗായകന്‍ പറയുന്നു. എന്നാല്‍ പ്രതികരിച്ചത് ലാലേട്ടനാണ്. താഴെയുള്ള ശല്യങ്ങളൊന്നും പോരാതെ, സ്റ്റേജിലേക്ക് കയറി വന്നപ്പോഴാണ് ലാലേട്ടന്‍ പ്രതികരിച്ചത്. അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അഫ്‌സല്‍ പറയുന്നു.


Also Read: യാത്രക്കിടെ അപാനിക്കാന്‍ ശ്രമിച്ച യുവാക്കളെ മിനുട്ടുകള്‍ക്കുള്ളില്‍ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് കെ.എസ്.യു പ്രവര്‍ത്തക


എന്നാല്‍ അന്ന് നടന്ന സംഭവങ്ങളൊന്നും അറിയാതെ, ലാലേട്ടന്‍ അയാളെ തള്ളിയിടുന്ന ഭാഗം മാത്രം കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതെന്നും ഒടുവില്‍ അദ്ദേഹം മാത്രം പ്രതിയായെന്നും താരം പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും സ്റ്റേജ് ഷോകളില്‍ നേരിടാറുണ്ടെന്നും അഫ്‌സല്‍ പറഞ്ഞു.