ജിന്‍സി ബാലകൃഷ്ണന്‍
കോഴിക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ കള്ളവോട്ടുകള്‍ നടന്നെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുരേന്ദ്രന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം.
259 പേര്‍ കള്ളവോട്ടു നല്‍കിയെന്നാരോപിച്ച് നല്‍കിയ പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നും കെ. സുരേന്ദ്രന് ഇതുവരെ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് കള്ളവോട്ടുകള്‍ നടന്നു എന്നത് കെ.സുരേന്ദ്രന്‍ തെളിയിച്ചെന്നും മഞ്ചേശ്വരത്ത് സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിച്ചേക്കുമെന്നും ഈ സാധ്യത മുന്നില്‍ കണ്ട് ലീഗ് എം.എല്‍.എ രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനുള്ള നീക്കം നടത്തുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വരുന്നത്.
സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റ് പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അവ്യക്തമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് തള്ളിയ കോടതി സുരേന്ദ്രനോട് സ്വന്തം നിലയ്ക്ക് തെളിവു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലുള്ളവര്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കി. ഒരു ദിവസം 11പേര്‍ക്ക് എന്ന കണക്കില്‍ ഹാജരാവാനാണ് നിര്‍ദേശിച്ചത്.
ഇതുപ്രകാരം വ്യാഴം, വെള്ളി ദിവസങ്ങളിലായി മൂന്നുപേരാണ് കോടതിയില്‍ ഹാജരായത്. ഇതില്‍ ഒരാള്‍ പാസ്‌പോര്‍ട്ട് ഹാജരാക്കി താന്‍ ഇതുവരെ വിദേശത്ത് പോയിട്ടില്ലെന്നതിന് തെളിവു നല്‍കി. മറ്റെയാള്‍ തെരഞ്ഞെടുപ്പു വേളയില്‍ നാട്ടിലുണ്ടായിരുന്നു എന്നത് രേഖാമൂലം തെളിയിക്കുകയും ചെയ്തു.
മൂന്നാമത്തെയാളുടെ കുടുംബത്തിലുള്‍പ്പെട്ട എല്ലാവരുടെ പേരിലും കള്ളവോട്ട് നടന്നു എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ കുടുംബത്തിലെ നാലുപേരും തെരഞ്ഞെടുപ്പു സമയത്ത് നാട്ടിലുണ്ടായിരുന്നു എന്നു തെളിയിക്കുന്ന രേഖകള്‍ ഇയാള്‍ കോടതിയില്‍ സമര്‍പ്പിക്കുകയാണുണ്ടായത്. അതായത് തന്റെ പരാതിയില്‍ പറഞ്ഞ ഒരാളുടെ പേരില്‍ പോലും കള്ളവോട്ടു നടന്നു എന്ന് സംശയലേശമന്യേ തെളിയിക്കാന്‍ സുരേന്ദ്രന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് മഞ്ചേശ്വരത്ത് സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിച്ചേക്കുമെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
Must Read: ‘ഇതാ അടിപൊളി ബീഫ്’ രാജ്‌നാഥ് സിങ്ങിനെ ബീഫ് പാര്‍ട്ടി നടത്തി സ്വീകരിച്ച് മിസോറാം
സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിച്ചേക്കുമെന്ന സാധ്യത മുന്നില്‍ കണ്ട് മഞ്ചേശ്വരം എം.എല്‍.എ അബ്ദുല്‍ റസാഖിനെ രാജിവയ്പ്പിച്ച് മണ്ഡലത്തെ തെരഞ്ഞെടുപ്പിലേക്ക് നയിക്കാന്‍ ലീഗ് നീക്കം നടത്തുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുസ്‌ലിം ലീഗ് വ്യക്തമാക്കിയിരുന്നു.
ലീഗ് എം.എല്‍.എ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു എന്ന തരത്തില്‍ വ്യാജവാര്‍ത്ത പടച്ചുവിട്ട മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു.
“ഓണ്‍ലൈന്‍ മാധ്യമങ്ങളെ നമുക്ക് മനസ്സിലാക്കാം. പക്ഷേ മാതൃഭൂമി അത്തരമൊരു വാര്‍ത്ത ഏറ്റെടുക്കുമെന്ന് സ്വപ്‌നേച്ച വിചാരിച്ചില്ല. അവര്‍ ഒരുപടി കൂടി മുന്നോട്ട് പോയി. വേങ്ങര ഇലക്ഷന്റെ കൂടെ മഞ്ചേശ്വരത്തും തെരഞ്ഞെടുപ്പ് നടത്താനാണ് ലീഗിന്റെ പ്ലാന്‍ എന്ന് കൂടി പറഞ്ഞു കളഞ്ഞു.ആ വാര്‍ത്ത തെറ്റായിരുന്നു എന്ന് പറയാനുള്ള മാധ്യമ സത്യസന്ധത മാതൃഭൂമി കാണിക്കണം എന്നാണാവശ്യപ്പെടാനുള്ളത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ 259 പേര്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്തു എന്നാരോപിച്ചാണ് കെ. സുരേന്ദ്രന്‍ കോടതിയെ സമര്‍പ്പിച്ചത്. ഇതില്‍ മൂന്നുവാദങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. തെരഞ്ഞെടുപ്പു സമയത്ത് ഗള്‍ഫിലുണ്ടായിരുന്നവരുടെ പേരില്‍ പോലും വോട്ടുരേഖപ്പെടുത്തിയെന്നും ആ മണ്ഡലത്തില്‍ വോട്ടില്ലാത്ത ചിലര്‍ അവിടെയെത്തി വോട്ടുരേഖപ്പെടുത്തിയെന്നും മരിച്ചവരുടെ പേരില്‍വരെ വോട്ടുരേഖപ്പെടുത്തിയെന്നുമാണ് സുരേന്ദ്രന്റെ വാദങ്ങള്‍.
തെരഞ്ഞെടുപ്പു കേസില്‍ ആരോപണം സംശയലേശമന്യേ തെളിയിക്കുകയെന്നത് ആരോപണം ഉന്നയിക്കുന്നയാളുടെ ബാധ്യതയാണ് എന്നിരിക്കെ ഈ കേസില്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവു നല്‍കാന്‍ സുരേന്ദ്രന് ഇതുവരെ സാധിച്ചിട്ടില്ല.
വിദേശത്തുണ്ടായിരുന്നവരുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാരോപിച്ച് 197 പേരുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യത്തില്‍ തെളിവു നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും സുരേന്ദ്രന് അതിന് സാധിച്ചിട്ടില്ല. തുടര്‍ന്ന് ഈ ലിസ്റ്റ് പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിക്കണമെന്ന് സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെടുകയാണുണ്ടായത്.
കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കിയെങ്കിലും കോടതി നിര്‍ദേശിച്ച സമയം ലിസ്റ്റ് പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ കേന്ദ്രസര്‍ക്കാറിനു കഴിഞ്ഞിട്ടില്ല. അവസാനം ലിസ്റ്റ് പരിശോധിച്ച് ഈ മാസം റിപ്പോര്‍ട്ടു സമര്‍പ്പിച്ചെങ്കിലും സുരേന്ദ്രന്‍ നല്‍കിയ ലിസ്റ്റിലെ 26പേരുടെ റിപ്പോര്‍ട്ട് മാത്രമാണ് കേന്ദ്രം സമര്‍പ്പിച്ചത്. ഇതില്‍ ആറുപേര്‍ തെരഞ്ഞെടുപ്പു സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നും 20പേര്‍ വിദേശത്തായിരിക്കാമെന്നുമുള്ളതരത്തില്‍ അവ്യക്തമായ റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇതേത്തുടര്‍ന്നാണ് കോടതി ഈ റിപ്പോര്‍ട്ട് തള്ളിയത്.